പോത്തുകല്ല്: മുണ്ടക്കൈയുടെ വിലാപങ്ങൾക്ക് നടുവിലേക്ക് കവളപ്പാറ ദുരന്തത്തിന്റെ അഞ്ചാം വാർഷികമെത്തുന്നു. 2019 ആഗസ്റ്റ് എട്ടിന് രാത്രി 7.45നാണ് കവളപ്പാറയിലെ മുത്തപ്പൻകുന്ന് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് നാടിെൻറ വേദനയായി മാറിയത്. 59 ജീവനുകളാണ് അന്ന് മണ്ണിനടിയിൽ പുതഞ്ഞത്. 18 ദിവസം നീണ്ട തിരച്ചിലിൽ 48 മൃതദേഹങ്ങൾ കണ്ടെടുത്തു. 11 പേർ ഇപ്പോഴും കാണാമറയത്താണ്. 37 വീടുകൾ പൂർണമായും ഇല്ലാതായി. രണ്ടുപേർക്കാണ് ദുരന്തത്തിൽ നേരിട്ട് പരിക്കേറ്റത്.
ഇവർ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നു. 37 ഏക്കർ ഭൂമിയാണ് കവളപ്പാറയിൽ അന്ന് നിരപ്പായത്. സംസ്ഥാന സർക്കാർ 59 കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സഹായധനം നൽകി. സ്ഥലവും വീടും വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ 153 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. ഇതിനായി 20 കോടി രൂപ ചെലവഴിച്ചു. സ്ഥലം വാങ്ങാൻ ആറു ലക്ഷവും വീടിന് നാല് ലക്ഷവുമാണ് അന്ന് അനുവദിച്ചത്. ഈ തുക കൊണ്ട് മാത്രം വീട് നിർമിക്കുക അസാധ്യമായിരുന്നു. വിവിധ സംഘടനകളുടെ സഹായങ്ങൾകൊണ്ടുകൂടിയാണ് പുനരധിവാസം സാധ്യമായത്.
ഞെട്ടിക്കുളത്ത് 24 വീടുകളാണ് സർക്കാർ മേൽനോട്ടത്തിൽ നിർമിച്ചു നൽകിയത്. വ്യവസായി എം.എ. യൂസുഫലി 33 വീടുകൾ ഭൂദാനത്ത് നിർമിച്ചു. 27 വീടുകൾ പീപ്ൾസ് ഫൗണ്ടേഷൻ നേതൃത്വത്തിൽ ചാത്തമുണ്ടയിൽ ഒരുക്കി. വേറെയും നിരവധി സന്നദ്ധ സംഘടനകൾ വീടുകൾ നൽകി. സ്ഥലവും വീടും കിട്ടിയെങ്കിലും കവളപ്പാറക്കാരുടെ കണ്ണീരോർമകൾ ഇന്നും തളം കെട്ടിനിൽക്കുകയാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങളിലും ഒത്തൊരുമയോടെ കഴിഞ്ഞ അവർ ഇന്ന് പല നാടുകളിലേക്ക് പറിച്ചു നടപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.