പോത്തുകല്ല്: മൂന്ന് ദിവസമായി ചൂരൽമല, മുണ്ടേരി, പോത്തുകല്ല് മേഖലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നടത്തിയ മുന്നൊരുക്കം രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടി. പോത്തുകല്ല് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രളയ മുന്നൊരുക്കം നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയിലെ കനത്ത മഴമൂലം ചാലിയാർ കരകവിഞ്ഞൊഴുകുമോ എന്ന ഭീതിയിലായിരുന്നു നാട്ടുകാർ. വെള്ളത്തിന്റെ കുത്തൊഴുക്കും അളവുകളും പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ നൽകിയിരുന്നു. പുലർച്ച വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ അതേസമയത്ത് തന്നെ പോത്തുകല്ല് ഭാഗത്തുള്ളവർക്കും അറിയാൻ കഴിഞ്ഞു. ഇത് മൂലം അതിരാവിലെ തന്നെ പുഴ കേന്ദ്രീകരിച്ച് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചിരുന്നു. ചാലിയാറിന്റെ പോത്തുകല്ല് വരെയുള്ള ഭാഗത്തിൽ ഭൂരിഭാഗവും വനത്തിലൂടെയാണ്. ഇവിടെ തിരച്ചിൽ അതീവ ദുഷ്കരമായിരുന്നു. എന്നിട്ടും നാട്ടുകാർ അതിരാവിലെ തന്നെ പുഴയുടെ ഇരുഭാഗങ്ങളിലൂടെയും തിരച്ചിൽ ആരംഭിച്ചു. പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി കൃത്യമായ നിർദേശങ്ങൾ നൽകിയിരുന്നു. പോത്തുകല്ല് കുനിപ്പാല ഭാഗത്തുനിന്നാണ് രാവിലെ ഏഴോടെ ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
പിന്നീട് വെള്ളിലമാട് നിന്നും പുരുഷന്റെ മൃതദേഹം കൂടി കണ്ടെടുത്തു. മുക്കം കമ്പിപാലം, ശാന്തി ഗ്രാം, കുട്ടംകുളം തുടങ്ങിയ ചാലിയാറിന്റെ തീരത്തു നിന്നാണ് ബാക്കി മൃതദേഹങ്ങൾ കണ്ടെടുത്തത്. ചാലിയാറിനെ കുറിച്ച് വ്യക്തമായി അറിവുള്ള നാട്ടുകാർ മൃതദേഹങ്ങൾ എത്തിച്ചേരാൻ സാധ്യതയുള്ളിടത്ത് തിരച്ചിൽ കേന്ദ്രീകരിച്ചു. ആദിവാസികൾ തിങ്ങി താമസിക്കുന്ന ഇരുട്ടുകുത്തി, തരിപ്പ പൊട്ടി, കുമ്പളപ്പാറ, വാണിയമ്പുഴ മേഖലകളിൽ തിരച്ചിൽ വ്യാപിപ്പിച്ചു. ആദിവാസികളുടെ കൂടി സഹായത്തോടെ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഇവിടെ നിന്നായി.എമർജൻസി റെസ്ക്യൂ ഫോഴ്സ്, ഐ.ആർ.ഡബ്ല്യു, ടീം വെൽഫെയർ, യൂത്ത് ബി ഗ്രേഡ്, വൈറ്റ് ഗാർഡ്, എസ്.വൈ.എസ് സാന്ത്വനം, ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തകർ, സിവിൽ ഡിഫൻസ് തുടങ്ങിയ സംഘടനകളും രക്ഷാപ്രവർത്തനത്തിൽ അണിചേർന്നു.
പോത്തുകല്ല്: കലങ്ങിമറിഞ്ഞ് രൗദ്രഭാവം പൂണ്ട ചാലിയാറിന് മുന്നിൽ മറുകരയെത്താൻ മാർഗമില്ലാതെ രക്ഷാപ്രവർത്തകർ. മൃതദേഹങ്ങൾ പുറത്തെത്തിക്കാനായത് മണിക്കൂറുകൾ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിൽ. വാണിയമ്പുഴ നഗറിന് സമീപം മണൽ തിട്ടയിൽ കണ്ടെത്തിയ ആറ് മൃതദേഹങ്ങൾ ചാലിയാറിന്റെ മറുകരയിലെത്തിക്കുന്ന ദൗത്യമാണ് പുഴയുടെ കുത്തൊഴുക്കിൽ ദുഷ്കരമായത്. എൻ.ഡി.ആർ.എഫ് സംഘമെത്തിയെങ്കിലും കുത്തൊഴുക്കിൽ ഡിങ്കി ബോട്ടിറക്കാൻ അവർ മടിച്ചു. ഫയർഫോഴ്സും നിലമ്പൂരിലെ സന്നദ്ധ സംഘമായ എമർജൻസി റസ്ക്യു ഫോഴ്സുമാണ് പുഴയിലിറങ്ങിയത്. അതിസാഹസികമായിരുന്നു രക്ഷാദൗത്യം. പുഴ മധ്യേ എത്തിയപ്പോൾ ഫയർ ഫോഴ്സിന്റെ ഡിങ്കി ബോട്ടിന്റെ മോട്ടോർ തകരാറിലായത് പരിഭ്രാന്തി പരത്തി. മീറ്ററോളം ഒഴുകി പോയെങ്കിലും അതിശക്തമായ ഒഴുക്കിനെ അതിജീവിച്ച് ച്ച് തുഴഞ്ഞ് ഫയർഫോഴ്സ് സംഘം മറുകര പറ്റി. മൃതദേഹവുമായി എത്തുന്ന ദൗത്യസംഘത്തിന് വടമെറിഞ്ഞു കൊടുത്താണ് ബോട്ട് കരക്കടുപ്പിച്ചത്. ഇതും പലപ്പോഴും അപായകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചു. മുണ്ടേരി ഫാമിലൂടെയുള്ള ദുർഘടമായ പാതയും കുത്തിയൊലിച്ചു വന്ന പയ്യാനിത്തോടും രക്ഷാപ്രവർത്തനത്തിന് വിഘ്നം സൃഷ്ടിച്ചു. ട്രാക്ടടറിലാണ് രക്ഷാപ്രവർത്തകരെ പയ്യാനിത്തോട് കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.