തിരുവനന്തപുരം: ഇളവുകള്‍ വെട്ടിക്കുറച്ചും ഫ്ലെക്സി നിരക്കിൽ ട്രെയിനുകളോടിച്ചും യാത്രക്കാരിൽനിന്ന് റെയിൽവേ കൊള്ളയടിച്ചത് 2500 കോടിയോളം രൂപ. തിരക്കിന് അനുസരിച്ച് നിരക്കുയർന്ന ഫ്ലക്സി നിരക്കിലെ ട്രെയിനുകളിലൂടെ 2019 മുതൽ 2022 ഒക്ടോബർ വരെ റെയിൽവേയുടെ അക്കൗണ്ടിലെത്തിയത് 2442 കോടിയാണ്. ഈ വർഷം ഒക്ടോബർ വരെ റെയിൽവേയുടെ ഫ്ലക്സി കൊയ്ത്ത് 680 കോടി രൂപയാണെന്ന് റെയിൽവേ മന്ത്രാലയത്തിന്‍റെതന്നെ കണക്കുകൾ അടിവരയിടുന്നു. പാസഞ്ചറുകളെല്ലാം എക്സ്പ്രസുകളാക്കിയും മുതിർന്നവർക്കുള്ള ആനുകൂല്യങ്ങളൊന്നും പുനഃസ്ഥാപിക്കാതെയുമാണ് ഈ പോക്കറ്റടി.
പാസഞ്ചറുകൾ എക്സ്പ്രസുകളായതോടെ ചെറിയ ദൂരം സഞ്ചരിക്കേണ്ടവർ പോലും എക്സ്പ്രസ് നിരക്ക് നൽകേണ്ടിവരുകയാണ്.
ഇത് റെയിൽവേയുടെ പണപ്പെട്ടിയിലും പ്രതിഫലിക്കുന്നുണ്ട്. 2021നെ അപേക്ഷിച്ച് 2022 ൽ 76 ശതമാനമാണ് ടിക്കറ്റ് ഇനത്തിലെ വരുമാന വർധന. 2021 ഏപ്രിൽ മുതൽ നവംബർ 30 വരെ 23,483.87 കോടിയായിരുന്നു ടിക്കറ്റ് വരുമാനമെങ്കിൽ 2022 ലെ ഇതേ കാലയളവിൽ 41,335.16 കോടിയായാണ് വർധിച്ചത്. അധിക വരുമാനമാകട്ടെ 17,851.29 കോടിയും. ചരക്കുവരുമാനത്തിലെ വർധന 16.15 ശതമാനം മാത്രമാണ്.കോവിഡിന്‍റെ മറവിൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ വെട്ടിക്കുറച്ചതിലൂടെ കൊയ്തത് 1500 കോടിയോളം രൂപയാണ്. 2020 മാർച്ചിൽ കോവിഡിനെ തുടർന്ന് ട്രെയിൻ സർവിസുകളെല്ലാം നിർത്തിയിരുന്നു. ഇതോടെയാണ് കൺെസഷനുകൾ അവസാനിച്ചത്. ലോക്ഡൗൺ ഇളവുകളെ തുടർന്ന് സർവിസുകൾ പുനരാരംഭിച്ചെങ്കിലും മുതിർന്ന പൗരന്മാരുടെയടക്കം ഇളവുകൾ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണ് റെയിൽവേയുടെ നിലപാട്. 2020 മാർച്ച് 20 മുതൽ 2022 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 7.31 കോടി മുതിർന്ന പൗരന്മാരാണ് റെയിൽവേയിൽ യാത്ര ചെയ്തത്. ഇക്കാലയളവിൽ മുതിർന്ന പൗരന്മാരിൽ നിന്നുള്ള മൊത്തം ടിക്കറ്റ് വരുമാനം 3,464 കോടി രൂപയാണ്. ഇതിൽ യാത്രയിളവ് ഒഴിവാക്കിയതിലൂടെ അധികമായി ലഭിച്ചത് 1,500 കോടി രൂപയാണെന്നാണ് റെയിൽവേയുടെതന്നെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.