കോഴിക്കോട്: കളിയെ സ്പോർട്സ്മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളുന്നതിനു പകരം വ്യക്തിയോട് ആരാധനയും രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഖുതബാ സംസ്ഥാന കമ്മിറ്റി. സമസ്തക്കു കീഴിലെ പള്ളികളിലെ മതപ്രഭാഷകർക്ക് പ്രഭാഷണവിഷയമായി അയച്ച കുറിപ്പിലാണ് നിർദേശം. എന്നാൽ, ഫുട്ബാൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും കുറിപ്പ് വിശദീകരിക്കുന്നു.
ഇന്ത്യയിലെ ആദ്യത്തെ അധിനിവേശകരും ക്രൂരന്മാരുമായ പോർചുഗലിനെയും ഇസ്‍ലാമികവിരുദ്ധ രാജ്യങ്ങളെയും അന്ധമായി ഉൾക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ലെന്നും കുറിപ്പിൽ പറയുന്നു. ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ആവേശലഹരി മൂത്ത് വിശ്വാസികളുടെ നിർബന്ധ ആരാധനകൾപോലും മുടങ്ങുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്ന കുറിപ്പ്, ഫുട്ബാൾ താൽപര്യം ആരാധനയായി പരിവർത്തിക്കപ്പെടുന്നതും താരങ്ങളും ഫാൻസുകളും അടിമകളായിത്തീരുന്നതും ശരിയല്ലെന്നും വ്യക്തമാക്കുന്നു.
രാത്രി ഉറക്കമൊഴിഞ്ഞ് സംഘടിത നമസ്കാരം നഷ്ടപ്പെടുത്തരുത്. സകല തെരുവുകളിലും ലക്ഷങ്ങൾ മുടക്കിയുള്ള കൂറ്റൻ ബോർഡുകളും കട്ടൗട്ടുകളും ധൂർത്തും ദുർവ്യയവുമാണ്. സ്നേഹവും കളിതാൽപര്യവും അതിരുവിട്ട് ആരാധനയിലേക്കെത്തുന്നത് അപകടമാണ്. അല്ലാഹുവിനെ മാത്രമേ വിശ്വാസികൾ ആരാധിക്കാവൂ. ഫാൻസ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിർക്കിന് കാരണമാകും.
വിശ്വാസികൾക്കിടയിൽ ഇതുസംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിന് ഖത്തീബുമാർക്ക് നൽകിയ പ്രഭാഷണക്കുറിപ്പാണിതെന്ന് ജംഇയ്യതുൽ ഖുതുബ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ഫുട്ബാൾ ലഹരിയായി മാറുന്നത് ശരിയല്ല. ജമാഅത്ത്, മുജാഹിദ് വിഭാഗങ്ങളുടെ പള്ളികളിലും ഇത്തരത്തിൽ വിശ്വാസികളെ ഉണർത്തിയിട്ടുണ്ട്. എന്നാൽ, പോർചുഗലിനെ പ്രത്യേകമായി എടുത്തുപറഞ്ഞത് തെറ്റായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധിനിവേശ, ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പിന്തുണക്കുന്നത് ശരിയല്ലെന്നതാണ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.
അതിനിടെ, ഫുട്ബാൾ ആരാധന വ്യക്തിസ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്കുമേൽ കൈകടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി വി. ശിവൻകുട്ടി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഫുട്‌ബാളിനെ എല്ലാവരും ആവേശത്തോടെയാണ് കാണുന്നതെന്നും അമിതാവേശത്തില്‍ എന്തെങ്കിലും സംഭവിക്കാതെ നോക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീർ എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.