വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവം: മുവാറ്റുപുഴ അർബൻ ബാങ്ക് സി.ഇ.ഒ രാജിവെച്ചു

മൂവാറ്റുപുഴ: മാതാപിതാക്കൾ ആശുപത്രിയിൽ കഴിയുന്നതിനിടെ വീട് ജപ്തി ചെയ്ത് കുട്ടികളെ ഇറക്കിവിട്ട സംഭവത്തിൽ മുവാറ്റുപുഴ അർബൻ ബാങ്ക് സി.ഇ.ഒ രാജിവെച്ചു. കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്തത് വലിയ വിവാദത്തിനും വിമർശനത്തിനും വഴിവെച്ച സാഹചര്യത്തിലാണ് സി.ഇ.ഒ ജോസ് കെ. പീറ്റർ രാജിവെച്ചത്. ജോസ് കെ. പീറ്ററിന്‍റെ രാജി സ്വീകരിച്ചതായി അർബൻ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഒരു വർഷത്തെ കാലാവധി ബാക്കി നിൽക്കെയാണ് സി.ഇ.ഒയുടെ രാജി. ഉത്തരവാദിയല്ലാതിരുന്നിട്ടും ബലിയാടാക്കിയെന്ന് ജോസ് കെ. പീറ്റർ പറഞ്ഞു.

രണ്ടു ദിവസം മുൻപായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എൽ.എയും നാട്ടുകാരും ചേർന്ന് അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടക്കാൻ സാവകാശം നൽകണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടിരുന്നു.

മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിലെ പായിപ്ര എസ്.സി കോളനിയിലെ അജേഷിന്‍റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ഹൃദ്രോഹത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ വലിയപറമ്പിൽ അജേഷിന്‍റെയും മഞ്ജുവിന്‍റെയും മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെയുള്ള നാലുകുട്ടികൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മാത്യു കുഴൽനാടനെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും, എം.എൽ.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടാതെ, ദലിത് കുടുംബത്തി​ന്റെ കടബാധ്യത മാത്യു കുഴൽനാടൻ എം.എൽ.എ ഏറ്റെടുക്കുകയും ചെയ്തു.

ഇതിന് പിന്നാലെ കുടിശ്ശിക തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങളായ അർബൻ ബാങ്കിലെ ജീവനക്കാർ അടച്ചു തീർത്തതായി ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അറിയിച്ചിരുന്നു. എന്നാൽ, ഇത് ഗൃഹനാഥൻ അജേഷ് നിരസിച്ചു. ബാങ്കിന്റെ സഹായം വേണ്ടെന്നും എം.എൽ.എ നൽകുന്ന സഹായം സ്വീകരിക്കുമെന്നും അജേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ബാങ്കിൻറെ ജപ്തി നടപടികൾ വിവാദമായതോടെ വിഷയത്തിൽ രാഷ്ട്രീയപ്പോരും മുറുകിയിരുന്നു. എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് ദലിത് വിഭാഗത്തിന് നേരെ കടുത്ത അതിക്രമങ്ങൾ നടക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ട്വൻറി- ട്വൻറി പ്രവർത്തകൻ ദീപുവിൻറെ മരണമടക്കം സംസ്ഥാനത്തു ദലിതർ നേരിടുന്ന പല പ്രശ്നങ്ങളിലും സർക്കാർ മൗനം പാലിക്കുന്നുവെന്ന വിമർശനവും കോൺഗ്രസ് ഇക്കാര്യത്തിൽ ഉയർത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.