മതികെട്ടാൻ വനം കൈയേറ്റം: 14 പ്രതികളെയും വെറുതെവിട്ട് വിജിലൻസ് കോടതി

മൂവാറ്റുപുഴ: ഏറെ കോളിളക്കം സൃഷ്ടിച്ച മതികെട്ടാൻ വനം കൈയേറ്റ കേസിലെ പ്രതികളെ മൂവാറ്റുപുഴ വിജിലൻസ് കോടതി വെറുതെവിട്ടു. 14 പ്രതികളെയും കുറ്റവിമുക്തരാക്കിയാണ്​ ഉത്തരവിട്ടത്.

പീറ്റർ ജോൺ, പ്രഭാകരൻ പിള്ള, എം.കെ. കൃഷ്ണൻ, എം.എസ്. ജയപ്രകാശ്, എൻ. തങ്കപ്പൻ, കെ.എം. ലാലു, ജിജി മോൻ, കെ.കെ. ജയപ്രകാശ്, കെ.വി. ഫ്രാൻസിസ്, ജേക്കബ്, ടി.ജെ. ബിജോയി, ബേബി പോൾ, പി.ആർ. രാജൻ, ബെന്നി മാത്യു എന്നിവരെയാണ്​ വിജിലൻസ് ജഡ്‌ജി എൻ.വി. രാജു​ വെറുതെവിട്ടത്​. പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന 14ൽ 11 പേരും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. ഇതിൽ അന്നത്തെ നെടുങ്കണ്ടം തഹസില്‍ദാറും 10 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇടുക്കി ജില്ലയിൽ നെടുങ്കണ്ടം പൂപ്പാറ വില്ലേജിലെ മഴക്കാടുകളായിരുന്ന മതികെട്ടാന്‍ പ്രദേശത്ത് നടന്ന വനം കൈയേറ്റമാണ് കേസിനാധാരം.

പരാതികളെത്തുടർന്ന് സർക്കാർ നിയോഗിച്ച ചന്ദ്രശേഖർ നായർ കമീഷൻ കൈയേറ്റത്തെക്കുറിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് ആരോപണമുയര്‍ന്നു. തുടർന്ന്​, 2002 മേയിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. കോട്ടയം വിജിലന്‍സ് ഡിവൈ.എസ്.പി ആയിരുന്ന കെ.എം. മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കോട്ടയം, ശാന്തന്‍പാറ എന്നിവിടങ്ങളിലായി എട്ട്​ ഘട്ടങ്ങളിലായാണ് വിജിലന്‍സ് സംഘം കര്‍ഷകരില്‍നിന്ന്​ തെളിവെടുത്തത്. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് പട്ടയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് ജീവനക്കാരെയും വിജിലന്‍സ് സംഘം ചോദ്യംചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. 

Tags:    
News Summary - Forest encroachment in Matikettan: Vigilance court acquitted all 14 accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.