തൊടുപുഴ: അപ്രതീക്ഷിതമായാണ് സരുൺ സജി എന്ന ആദിവാസി യുവാവിന്‍റെ ജീവിതം മാറിമറിഞ്ഞത്. വനപാലകർ കള്ളക്കേസിലൂടെ ഒരുക്കിയ കെണിയിൽപെട്ട സരുണിന് മുന്നിൽ ജീവിതം ഇപ്പോൾ ചോദ്യചിഹ്നമാണ്. മാതാപിതാക്കൾ കൂലിപ്പണിയെടുത്ത് വളർത്തിയ മകൻ. ബിരുദപഠനം കഴിഞ്ഞ് ജീവിക്കാൻ ഓട്ടോ ഓടിക്കാനിറങ്ങി. ഒഴിവുസമയങ്ങളിൽ പഠിച്ച് പി.എസ്.സിയുടെ രണ്ട് റാങ്ക്ലിസ്റ്റിൽ ഇടംനേടി.
എന്നാൽ, എല്ലാ പ്രതീക്ഷകൾക്കും മേലെ വനപാലകർ എടുത്തുവെച്ച കള്ളക്കേസ് ജീവിതത്തിന് കുരുക്കായി. കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ചുമത്തിയത് കള്ളക്കേസാണെന്ന് തെളിഞ്ഞ് കുറ്റക്കാരായ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും കേസ് ഇനിയും പിൻവലിച്ചിക്കാത്തത് ആശങ്കയുണ്ടാക്കുന്നെന്ന് സരുൺ 'മാധ്യമ'ത്തോട് പറഞ്ഞു. ഇടുക്കി ഉപ്പുതറ കണ്ണംപടി മുല്ല പുത്തൻപുരക്കൽ സജി-നിർമല ദമ്പതികളുടെ മകനാണ് ഇൗ 24കാരൻ. കഴിഞ്ഞ സെപ്റ്റംബർ 20ന് പുലർച്ച ഓട്ടോയുമായി വളകോട് ഭാഗത്തേക്ക് പോകുകയായിരുന്നു.
വഴിക്കുവെച്ച് പരിചയക്കാരൻ കൂടിയായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി. അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള വനപാലകർ കൈകാണിച്ച് വാഹനം നിർത്തിച്ചു. പരിശോധനക്കുശേഷം പറഞ്ഞുവിട്ടു. വളകോട് ഓട്ടോയിട്ട ശേഷം ഈരാറ്റുപേട്ടക്ക് പോകാൻ ബസിൽ കയറി വാഗമണ്ണിലെത്തിയപ്പോൾ അച്ഛന്‍റെ ഫോണിൽ നിന്നൊരു കാൾ. അനിൽകുമാറാണ് സംസാരിച്ചത്. ഒരു പരാതി കിട്ടിയിട്ടുണ്ടെന്നും ഉടൻ വഴിമാവ് ചെക്പോസ്റ്റിൽ എത്തണമെന്നും ആവശ്യപ്പെട്ടു.
ചെക്പോസ്റ്റിലെത്തിയതോടെ പഴ്സും മൊബൈൽ ഫോണും ഓട്ടോയുടെ താക്കോലും അവർ ബലമായി വാങ്ങി. സമീപത്തെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം തുടരെ മർദിച്ചു. എന്താണ് പരാതിയെന്ന് ചോദിച്ചിട്ടും നിരപരാധിയാണെന്ന് നിലവിളിച്ചിട്ടും ആരും ചെവിക്കൊണ്ടില്ല. അവിടെനിന്ന് വനംവകുപ്പിന്‍റെ ജീപ്പിൽ കിഴുകാനം ഫോറസ്റ്റ് സെക്ഷൻ ഓഫിസിലേക്ക്. സരുണിന്‍റെ ഓട്ടോയുമായി ഒരു ഉദ്യോഗസ്ഥൻ പിന്തുടർന്നു. ഓഫിസിൽ എത്തിയപ്പോൾ വാച്ചർ ഉൾപ്പെടെയുള്ളവർ വീണ്ടും മർദിച്ചു.
കാട്ടിറച്ചി എവിടെയാണ് വിറ്റതെന്ന ചോദ്യം കേട്ട് ഒന്നുമറിയാതെ കണ്ണ് മിഴിച്ചു. ഇതിനിടെ, മുൻകൂട്ടി തീരുമാനിച്ചപ്രകാരം വനപാലകർ തന്‍റെ ഓട്ടോയിൽ കൊണ്ടുവെച്ച കാട്ടിറച്ചി കണ്ടെടുത്തതായി യുവാവ് പറയുന്നു. ഉച്ചയായപ്പോൾ ഓഫിസിലെത്തിയ റേഞ്ച് ഓഫിസറോട് കാര്യങ്ങൾ വിശദീകരിച്ചു. കുഴപ്പമുണ്ടാകില്ലെന്ന് പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടു.
വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. ഇതുവരെ ഒരു പെറ്റിക്കേസിൽപോലും പ്രതിയാകാത്ത തന്നെ വനം ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി ആസൂത്രിതമായി കള്ളക്കേസിൽ കുടുക്കിയെന്നാണ് സരുണിന്‍റെ ആരോപണം.
ഉന്നത ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടുകളും ഇക്കാര്യം ശരിവെക്കുന്നു. ഓട്ടോയും പഴ്സും മൊബൈലും വിട്ടുകിട്ടിയിട്ടില്ല. ഓട്ടം നിലച്ചതോടെ ജീവിക്കാൻ വരുമാനമില്ലാതായി. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന മാതാപിതാക്കൾ രോഗം പിടിപെട്ട് ആശുപത്രിയിലാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും കേസ് ഒഴിവാക്കുന്നതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ഏറെ പ്രതീക്ഷിച്ച സർക്കാർ ജോലിയുടെ കാര്യം ഇനി എന്താകുമെന്ന ആശങ്കയിലാണ് സരുൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.