വടശ്ശേരിക്കര: നീരേറ്റുകാവ് വട്ടകപ്പാറമലയിലെ വനഭൂമിയിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന മരങ്ങൾ പാറമടലോബി മുറിച്ചുകടത്തിയ സംഭവത്തിലെ പ്രതികളെ അസ്റ്റ് ചെയ്യാതെ അന്വേഷണസംഘം. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഒരുവർഷം മുമ്പ് ഹൈകോടതി തള്ളിയിരുന്നു. എന്നിട്ടും ഇതുവരെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ വനംവകുപ്പ് തയാറായിട്ടില്ല.
വനഭൂമി റവന്യൂ ഭൂമിയാണെന്ന് വ്യാജരേഖയുണ്ടാക്കി പാറമട തുടങ്ങാൻ അപേക്ഷ സമർപ്പിച്ച് വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു. സ്ഥലത്തെ പ്രധാന പാറഖനന മുതലാളിയാണ് മരംമുറിക്ക് പിന്നിൽ.
രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ടോടെ വൻ വനംകൊള്ളയാണ് വട്ടകപ്പാറമലയിൽ നടന്നത്. റാന്നി ചേത്തക്കൽ വില്ലേജിലെ നീരേറ്റുകാവ് വട്ടകപ്പാറമലയിലെ 4.55 ഹെക്ടർ വനഭൂമിയിലെ തേക്കും ആഞ്ഞിലിയും ഉൾപ്പെടെ ലക്ഷങ്ങൾ വിലവരുന്ന മരങ്ങളാണ് 2019 മാർച്ചിൽ പാറമടലോബി റവന്യൂ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുറിച്ചുകടത്തിയത്.
ജനകീയ പ്രതിഷേധം ഉയർന്നതോടെ പ്രദേശം റവന്യൂ ഭൂമിയാണെന്ന് രേഖകൾ ചമച്ച് ഖനനാനുമതി നൽകാൻ റവന്യൂ അധികൃതർ തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചു. ഇതോടെ പ്രദേശവാസികൾ വിഷയം സുപ്രീംകോടതി ഹരിത ബെഞ്ചിന് മുമ്പാകെ എത്തിക്കുകയും കോടതി നടപടികൾക്കായി വനംവകുപ്പിന് നിർദേശം നൽകുകയും ചെയ്തിരുന്നു.
വനംകൊള്ളക്ക് കൂട്ടുനിന്ന ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാകുകയും ജില്ല വനം ഓഫിസറെ സ്ഥലം മാറ്റുകയും ചെയ്തു.
കോടതി ഇടപെടൽ ഉണ്ടായതോടെ അപേക്ഷകനായ വനംകൊള്ള നടത്തിയ ക്വാറി മുതലാളിയെ ഒഴിവാക്കി രണ്ട് ജീവനക്കാരുടെയും കണ്ടാലറിയാവുന്ന അഞ്ചുപേരുടെയും പേരിൽ വനംവകുപ്പ് കേസ് ഫയൽ ചെയ്തു. പ്രതികളായവർ മുൻകൂർ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചപ്പോഴാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നിട്ടും ഇതേവരെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ തൊണ്ടിമുതൽ കണ്ടെത്തുകയോ തടി കടത്താനുപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ല. മരം മുറിച്ചുകടത്തിയ പാറമട ലോബിയിലേക്കും നടപടികൾ നീളാതെ സംരക്ഷിച്ചു നിർത്തി.
ഇതിനിടെ, വനഭൂമി റവന്യൂ ഭൂമിയാണെന്ന തർക്കമുന്നയിച്ച് അപേക്ഷകനായ ക്വാറി ഉടമ ഹൈകോടതിയെ സമീപിെച്ചങ്കിലും വനഭൂമിയാണെന്നാണ് ഹരിത ബെഞ്ച് കണ്ടെത്തിയത്. ഇത് ഹൈകോടതിയും ശരിവെച്ചു.
ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ വനംകൊള്ളയെ തെളിവുകളില്ലാത്ത കേസായി തേച്ചുമായ്ച്ചുകളയാനുള്ള ഉന്നതതല നീക്കങ്ങളാണ് നടക്കുന്നതെന്ന് സമരസമിതി ആരോപിക്കുന്നു. വനഭൂമിയിലെ ഖനനത്തിനും മരംവെട്ടിനും കൂട്ടുനിന്ന റവന്യൂ ഉദ്യോഗസ്ഥരെയും സംരക്ഷിച്ചുനിർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.