ഗണേശവിഗ്രഹം

അനിഷ്ട സംഭവങ്ങളെ തുടർന്ന് പുഴയിലെറിഞ്ഞ ഗണേശ വിഗ്രഹത്തി​െൻറ ഉടമസ്ഥനെ ക​​ണ്ടെത്തി

ഇരിട്ടി: ദുരൂഹതക്കൊടുവിൽ, പഴശ്ശി ജലസംഭരണിയിൽനിന്ന് ലഭിച്ച ഗണേശവിഗ്രഹം സ്വകാര്യവ്യക്തിയുടെ വീട്ടിലുണ്ടായിരുന്ന പ്രതിമയാണെന്ന് കണ്ടെത്തി. മൂന്നു തവണ കൈമാറപ്പെട്ട പ്രതിമ അവസാന ഉടമസ്ഥൻ പുഴയിൽ കൊണ്ടുവന്നിട്ടതാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് തന്തോട് ചോംകുന്ന് ക്ഷേത്രത്തിന് സമീപം ബലിതർപ്പണം നടത്തുന്ന സ്ഥലത്ത് വെള്ളത്തിൽ ഗണേശവിഗ്രഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി സ്റ്റേഷനിലേക്ക് മാറ്റി. ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലോഹപ്രതിമ ഒരാൾ പുഴയിൽ നിക്ഷേപിച്ചതാണെന്ന് മനസ്സിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 2010ൽ ഇരിട്ടിയിലെ ഒരു ജ്വല്ലറി ഉടമ കണ്ണൂരിൽ നടന്ന ഫെയറിൽനിന്ന് 6800 രൂപക്ക് ഗണേശ പ്രതിമ വാങ്ങി വീട്ടിലെത്തിച്ചു. 2017ൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ പൂജക്കെത്തിയ കർണാടക സ്വദേശിയായ പൂജാരിക്ക് പ്രതിമ കൈമാറി.

പൂജാരി വീട്ടിൽ കൊണ്ടുപോയി പ്രത്യേക സൗകര്യം ഒരുക്കി പൂജകൾ ഉൾപ്പെടെ നടത്തി. പിന്നാലെ തന്റെ വീട്ടിൽ പല അനിഷ്ടസംഭവങ്ങളും ഉണ്ടായെന്ന വിശ്വാസത്തിൽ പൂജാരി, പ്രതിമ വീടിന്റെ വരാന്തയിൽ എടുത്തുവെച്ചു. രണ്ടാഴ്ചമുമ്പ് പഴയസാധനങ്ങൾ ശേഖരിക്കാൻ എത്തിയ പുന്നാട് സ്വദേശി പ്രതിമ നൽകുമോയെന്ന് ചോദിച്ചപ്പോൾ പൂജാരി കൈമാറി. പുന്നാട് സ്വദേശി പ്രതിമ വീട്ടിലെത്തിച്ചു. വീട്ടിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് കാരണം ഇതാണെന്ന വിശ്വാസത്തിൽ അദ്ദേഹം പ്രതിമ പഴശ്ശി പദ്ധതിപ്രദേശത്തെ വെള്ളത്തിൽ നിക്ഷേപിക്കുകയായിരുന്നു.

പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പ്രതിമ അടുത്തദിവസം തന്നെ വീണ്ടും കർണാടക സ്വദേശിയായ പൂജാരിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. പ്രതിമ ഇരിട്ടിയിലെ ജ്വല്ലറി ഉടമയുടെ വീട്ടിൽ കണ്ടവരും പിന്നീട് കർണാടക സ്വദേശിയായ പൂജാരിയുടെ വീട്ടിലെ ഷെഡിൽ കണ്ടവരും സംശയംതോന്നി പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ഇവരിലേക്ക് നീണ്ടതും വിഗ്രഹം പുഴയിലെത്തിയതിന്റെ ചുരുൾ അഴിയുന്നതും.

Tags:    
News Summary - Found the owner of Ganesha idol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.