കണ്ണൂർ: മനുഷ്യാവകാശ കമീഷനെ പൊലീസ് പരിശോധന ശക്തമാണെന്ന് അറിയിച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ജില്ലയിൽ വീണ്ടും സ്ഫോടനം. ഞായറാഴ്ച പാട്യം മൂഴിവയലിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അസം സ്വദേശി സയിദ് അലിക്കും രണ്ടു കുട്ടികൾക്കുമാണ് പരിക്കേറ്റത്. മാസങ്ങൾക്കിടെ ജില്ലയിലെ വിവിധയിടങ്ങളിലായി നാലാമത്തെ സ്ഫോടനമാണിത്. സ്ഫോടനങ്ങൾ തലങ്ങും വിലങ്ങും നടക്കുമ്പോഴും പൊട്ടിത്തെറികളുടെ ശബ്ദംകേട്ട ലാഘവംപോലും പൊലീസിനില്ല.
ആഴ്ചകൾക്കിടെ പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ ആലക്കാട് ബിജുവിന്റെ വീടിനു സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് മനുഷ്യാവകാശ കമീഷൻ ഇടപെട്ടിരുന്നു. എന്നാൽ, അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലേക്കായി ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ നിരന്തരം റെയ്ഡുകൾ നടത്തിവരുന്നതായി ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതു കേവലം പേരിന് മാത്രമായുള്ള പരിശോധനയാണോയെന്ന വിമർശനമാണ് ഇപ്പോൾ വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.
കൃത്യമായി പരിശോധന നടത്തുന്നില്ലെന്നും സ്ഫോടനങ്ങളിൽ പ്രതികളെ കൈയോടെ പിടികൂടിയ സംഭവങ്ങളിൽ ദുർബല വകുപ്പുകൾ ചുമത്തുകയാണെന്നും വിമർശനമുയുരുന്നുണ്ട്. രണ്ടു വർഷം മുമ്പേ മട്ടന്നൂർ ചാവശ്ശേരിയിൽ ആക്രിസാധനങ്ങൾ സൂക്ഷിച്ച വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ അസം സ്വദേശികളായ അച്ഛനും മകനും മരിച്ചിരുന്നു. ഇതിനു സമാനമായ അപകടമാണ് പാട്യത്തുമുണ്ടായത്. ഭാഗ്യംകൊണ്ടു മാത്രമാണ് ജീവൻ രക്ഷപ്പെട്ടത്. ദുരിതക്കയം നീന്തിക്കയറാനാണ് അസമിൽ നിന്നുള്ള നിർധനരായവർ ആക്രി പെറുക്കി ഉപജീവന മാർഗത്തിനായി കേരളത്തിലേക്ക് എത്തുന്നത്. വഴിയരികിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ സ്ഫോടകവസ്തു നിറച്ച സ്റ്റീൽ കണ്ടെയ്നറുകളും മറ്റും ഇവരുടെ കൈവശം എത്തുന്നതിലൂടെയാണ് സ്ഫോടനം നടക്കുന്നത്.
ഒരു മാസത്തിനിടെയുണ്ടായ മൂന്നു സ്ഫോടനങ്ങളിലും പ്രതിസ്ഥാനത്ത് ആർ.എസ്.എസ് പ്രവർത്തകരാണ്. ബോംബ് നിർമിക്കുന്നവരെ കൈയോടെ കിട്ടിയിട്ടും പ്രതികൾക്കെതിരെ ചുമത്തുന്നതാവട്ടെ ദുർബല വകുപ്പുകളും. ഇതോടെ കേസും അറസ്റ്റും എല്ലാം ചട്ടപ്പടിയാകുന്നതായും വിമർശനമുയരുന്നുണ്ട്. തലശ്ശേരി-ഇരിട്ടി മേഖലകളിലും മാസങ്ങൾക്കു മുമ്പ് സമാന രീതിയിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി. രണ്ടിടത്തും പ്രതികൾ ആർ.എസ്.എസുകാർ. തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്ത് ഉണ്ടായ പൊട്ടിത്തെറിയിൽ കച്ചുമ്പ്രത്ത്താഴെ ശ്രുതിനിലയത്തിൽ വിഷ്ണുവിന്റെ കൈപ്പത്തി ചിതറിത്തെറിച്ചത് ഏപ്രിൽ 12ന്. കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് വീട്ടിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ച് ആർ.എസ്.എസ് പ്രവർത്തകൻ എ.കെ. സന്തോഷ്, ഭാര്യ ലസിത എന്നിവർക്ക് പരിക്കേറ്റത് മാർച്ച് 12ന്. വീടിന്റെ അടുക്കളഭാഗത്ത് രാത്രിയായിരുന്നു സ്ഫോടനം. 2018ലും ഇയാളുടെ വീട്ടിൽ സ്ഫോടനമുണ്ടാവുകയും സന്തോഷിന്റെ വിരൽ അറ്റുപോവുകയും ചെയ്തിരുന്നു. മാസങ്ങൾക്കു മുമ്പ് നടന്ന ഈ രണ്ട് സ്ഫോടനങ്ങളിലും പ്രതികൾ ഉടൻ അറസ്റ്റിലായി. ഇപ്പോൾ എല്ലാവരും ജാമ്യത്തിൽ.
ആളുകളെ കൊല്ലാനുള്ള ബോംബുണ്ടാക്കുന്നവരെ പിടികൂടി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതോടെ പൊലീസിന്റെ പണി തീർന്നു. പ്രത്യേക അന്വേഷണ സംഘമോ ശക്തമായ വകുപ്പുകൾ ചുമത്തലോ ഒന്നും ആഭ്യന്തരവകുപ്പിന്റെ അജണ്ടയിലില്ല. ഇതോടെ പ്രതികൾ പുറത്തിറങ്ങി വീണ്ടും പഴയ പണി തുടരുന്നുവെന്നാണ് ആരോപണം. ജില്ലയിൽ ബോംബ് നിർമാണമുണ്ടെന്ന് ഉറപ്പായി. എന്നാൽ നിർമാണത്തോടൊപ്പം തന്നെ പലസ്ഥലങ്ങളിലായി ബോംബുകൾ ഉപേക്ഷിക്കപ്പെടുന്ന നിലയുമുണ്ടെന്നാണ് പാട്യത്തെ സംഭവത്തിലൂടെ തെളിയുന്നത്.
കൂത്തുപറമ്പ്: പാട്യം മൂഴിവയലിൽ ഞായറാഴ്ച രാവിലെ ഉണ്ടായ സ്ഫോടനം പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഒരുകാലത്ത് രാഷ്ട്രീയ അക്രമങ്ങളും ബോംബ് സ്ഫോടനങ്ങളും പതിവായിരുന്ന ഈ മേഖലയിൽ ഏറെക്കാലമായി സമാധാനം നിലനിന്നുവരുകയായിരുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായുണ്ടായ കനത്ത സ്ഫോടനമാണ് ജനങ്ങളിൽ പരിഭ്രാന്തിക്കിടയാക്കിയത്. എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് ആർക്കും മനസ്സിലായിരുന്നില്ല. പിന്നീട് അക്രിക്കടയിൽ നിന്നാണ് സ്ഫോടനം ഉണ്ടായത് എന്നറിഞ്ഞപ്പോഴാണ് ആളുകൾക്ക് സമാധാനമായത്. ആക്രിസാധനങ്ങൾ ശേഖരിക്കുന്ന സ്ഥാപനത്തിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്നുപേർക്കാണ് പരിക്കേറ്റത്. അസം ദുബ്രി ജില്ലയിലെ സയ്യിദ് അലി, മക്കളായ നൂറുദ്ദീൻ, അബ്ദുൽ മുത്തലീഫ് എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പഴയ സാധനങ്ങൾ തരംതിരിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ കണ്ടെയ്നർ അടിച്ചുപൊട്ടിക്കുമ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നാണ് കരുതുന്നത്. വഴിയരികിൽനിന്ന് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ സ്ഫോടക വസ്തു നിറച്ച സ്റ്റീൽ കണ്ടെയ്നർ ഇവരുടെ കൈവശം എത്തിയതാകാം എന്നാണ് സൂചന. ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എതിരാളികളിൽ പ്രയോഗിക്കാൻ വേണ്ടി വഴിയരികിൽ അലക്ഷ്യമായി സൂക്ഷിച്ചുവെക്കുന്ന സ്റ്റീൽ ബോംബുകളാണ് പലപ്പോഴും ഇത്തരത്തിൽ പൊട്ടിത്തെറിക്കുന്നത്. ഏതാനും വർഷം മുമ്പ് പാനൂരിടുത്ത ആക്രിക്കടയിൽ സമാനമായി ഉണ്ടായ സ്ഫോടനത്തിൽ തമിഴ്നാട് സ്വദേശിയായ കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.