മലപ്പുറം: ജില്ലയിൽ വെള്ളിയാഴ്ച നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽനിന്ന് പല സംഘങ്ങളിലായി എത്തിയ മൂന്ന് തവനൂർ സ്വദേശികൾക്കും ദുബൈയിൽനിന്ന് ആദ്യ വിമാനത്തിൽ എത്തിയ പുലാമന്തോൾ കരുവമ്പലം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഇപ്പോൾ രോഗലക്ഷണങ്ങളോടെ 36 പേർ ആശുപത്രികളിൽ ഐസൊലേഷനിലാണ്.
ചെന്നൈയിൽനിന്ന് ഈ മാസം അഞ്ചിന് എത്തിയ താനൂർ ഓലപ്പീടിക സ്വദേശിയായ 35 വയസ്സുകാരൻ, 12 ന് എത്തിയ താനൂർ കളരിപ്പടി സ്വദേശിയായ 48 വയസ്സുകാരൻ, 13 ന് എത്തിയ താനൂർ പരിയാപുരം സ്വദേശിയായ 22 വയസ്സുകാരന്‍ എന്നിവർക്കും ഏഴിന് ദുബായിൽനിന്ന് എത്തിയ പുലാമന്തോൾ കുരുവമ്പലം സ്വദേശിയായ 42 വയസ്സുകാരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എല്ലാവരും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും എത്തിയവരും ബന്ധുക്കളുമായ 36 പേരാണ് ഐസലേഷനിലുള്ളത്. ഇതോടെ മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 37 ആയി. 15 പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ചെന്നൈയില്‍ നിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ സ്വന്തം വീടുകളില്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുകയും വേണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെൻററുകള്‍ ഉപയോഗപ്പെടുത്താം. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച പ്രവാസി തിരിച്ചെത്തിയ വിമാനത്തിലെ മറ്റു യാത്രക്കാരെല്ലാം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യ വകുപ്പിൻെറ കര്‍ശന നിരീക്ഷണത്തിലാണ്. ഇവര്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഗര്‍ഭിണികളടക്കമുള്ളവര്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും അറിയിച്ചു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.