തലയോലപ്പറമ്പ്: യുവാവിനെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ എബി (36), നിധിൻ (31), അഭിലാഷ് (35), കാസർഗോഡ് സ്വദേശി അലൻ (24) എന്നിവരെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
മറവൻതുരുത്ത് സ്വദേശിയായ യുവാവിനെയാണ് ഇവർ സംഘംചേർന്ന് തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ യുവാവിനെ മർദ്ദിക്കുകയും, ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന യുവാവിന്റെ ഭാര്യ വിവരം ഉടൻ പൊലീസിൽ അറിയിക്കുകയും തലയോലപ്പറമ്പ് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ കാർ കേന്ദ്രീകരിച്ച് നടത്തിയ വാഹനപരിശോധനയിൽ ഇവരെ സാഹസികമായി പിടികൂടി യുവാവിനെ മോചിപ്പിക്കുകയായിരുന്നു.
തട്ടിക്കൊണ്ടുപോയ യുവാവിനെ വാഹനത്തിൽ വച്ച് ഇവർ ക്രൂരമായി മർദ്ദിച്ചിരുന്നു. യുവാവ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുപറയുമോ എന്ന് ഭയന്നാണ് ഈ സ്ഥാപനത്തിലെ ജീവനക്കാര്‍ കൂടിയായ ഇവർ സംഘം ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്.
തലയോലപ്പറമ്പ് എസ്.എച്ച്.ഒ ടി.എസ്. ശിവകുമാർ, എസ്.ഐമാരായ സുദര്ശനന്, അജി, മോഹനന്, എ.എസ്.ഐ രാജേഷ്, സി.പി.ഒമാരായ രാജീവ്, ബിജു, അജ്മല്‍, പ്രവീണ്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.