അങ്കമാലി: ചെങ്ങമനാട് പുത്തൻതോട് ഭാഗത്തെ വീട്ടിൽ കസ്തൂരി തൈലമുണ്ടാക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ‘കസ്തൂരി’ (മസ്ക്) വിൽപന നടത്തുന്നതിനിടെ വീട്ടുടമ അടക്കം നാലുപേരെ വനം വകുപ്പ് പിടികൂടി. വീട്ടുടമ പുത്തൻതോട് സ്വദേശി ശിവജി, ഒല്ലൂർ സ്വദേശി വിനോദ്, ചെങ്ങമനാട് സ്വദേശി അബൂബക്കർ, മാള സ്വദേശി സുൽഫി എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ 10.45ഓടെ എറണാകുളം റേഞ്ച് ഓഫിസർ സുരേഷ്കുമാറിന്‍റെ േനതൃത്വത്തിൽ പെരുമ്പാവൂർ, ഏഴാറ്റുമുഖം വനംവകുപ്പുകളിലെ 20ഓളം ഉദ്യോഗസ്ഥർ ശിവജിയുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയാണ് നാലുപേരെയും പിടികൂടിയത്. ഉദ്യോഗസ്ഥരെ കണ്ട് സോഫക്ക് താഴെ വലിച്ചെറിഞ്ഞ വിവിധ വലുപ്പത്തിലുള്ള എട്ട് കസ്തൂരികളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
തിരുവനന്തപുരം വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ എറണാകുളം റേഞ്ച് ഓഫിസർക്ക് നിർദേശം നൽകുകയായിരുന്നു. രണ്ടിഞ്ച് വ്യാസമുള്ള മൂന്ന് കസ്തൂരികളും ചെറിയ ഏതാനും കസ്തൂരിയുമാണ് പിടികൂടിയത്. വിനോദും സുൽഫിയും ലാൽജിക്കുവേണ്ടി കസ്തൂരി വിൽക്കാനെത്തിയതാണെന്നാണ് അറിയുന്നത്. ഇടനിലക്കാരനായിരുന്നത്രെ അബൂബക്കർ.
ഇവർ നാല് പേരും വീടിനകത്ത് രഹസ്യമായി സംസാരിച്ച് കൊണ്ടിരിക്കെയാണ് മിന്നൽവേഗത്തിൽ ഉദ്യോഗസ്ഥരെത്തിയത്. നാല് പേരെയും കൂടുതൽ ചോദ്യം ചെയ്തതോടെ മാളയിലുള്ള സ്ത്രീയാണ് ‘കസ്തൂരി’വിൽപ്പനയുടെ പിന്നിലെ കണ്ണിയെന്ന് അറിവായിട്ടുണ്ട്. നാല് പേരെയും നാല് മണിക്കൂറോളം അടച്ചിട്ട മുറിയിലാണ് ചോദ്യം ചെയ്തത്. പിന്നീട് ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് ചെയ്തു. എട്ട് കസ്തൂരികളും വിനോദിന്‍റെയും, സുൽഫിയുടെയും സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. ഏഴാറ്റുമുഖം ഫോറസ്റ്റ് ഓഫീസിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
ഹിമാലയൻ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ആൺ കസ്തൂരിമാനുകളുടെ വയറിന്‍റെ ഭാഗത്തെ ഗ്രന്ഥിയിൽ നിന്നാണ് സുഗന്ധം പരത്തുന്ന കസ്തൂരി ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.