മലപ്പുറം: 13 പേരുടെ നിപ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മലപ്പുറം കലക്ടറേറ്റിൽ നിപ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഒമ്പത് പേരുടെ പരിശോധന കോഴിക്കോടും നാലു പേരുടേത് തിരുവനന്തപുരത്തുമാണ്. സമ്പർക്ക പട്ടികയിൽ ഉള്ള നാല് പേർ തിരുവനന്തപുരത്താണുള്ളത്. അതിൽ രണ്ട് പേർ പ്രൈമറി കോണ്ടാക്റ്റ് ആണ്. മറ്റ് രണ്ട് പേർ സെക്കൻഡറി കോണ്ടാക്റ്റ് ആണ്. സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർ പാലക്കാട് ജില്ലയിൽ ആണ്. അതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.
അതേസമയം, സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 350 ആയി. ഇതിൽ ആരോഗ്യ പ്രവർത്തകർ 68 പേരാണുള്ളത്. 101 പേർ ഹൈ റിസ്‌ക്ക് കാറ്റഗറിയിൽ ആണ്. മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളുടെ സാമ്പിളുകൾ പരിശോധിക്കും. കുട്ടിക്ക് ഒപ്പം ബസിൽ സഞ്ചരിച്ചവരെ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. 144 അംഗ ടീം പാണ്ടിക്കാടും 80 അംഗ ടീം ആനക്കയത്തും വീടുകൾ കയറിയുള്ള സർവേ നടത്തുന്നുണ്ട്. മൃഗങ്ങളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.
മരിച്ച കുട്ടിയുടെ സുഹൃത്തുക്കൾ അടക്കമുള്ളവർക്ക് പ്രത്യേക കൗൺസിലിങ് നൽകും. രോഗലക്ഷണങ്ങൾ ഉള്ളവർ അറിയിക്കണമെന്നും 21 ദിവസമാണ് നിരീക്ഷണത്തിൽ കഴിയേണ്ടതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.