തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷഫീസുകളിൽ ഇരട്ടിയിലധികം വർധന. നാലു വർഷ ബിരുദ പ്രോഗ്രാം നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ചില ഫീസുകൾ 70 ശതമാനം വരെ വർധിപ്പിച്ചതായാണ് വിമർശനം.
നാലു വർഷ ബിരുദ പ്രോഗ്രാമിനുള്ള പരീക്ഷനടത്തിപ്പ് സംബന്ധിച്ച മാർഗരേഖയുണ്ടാക്കാൻ പരീക്ഷ സ്ഥിരംസമിതിയുടെ ശിപാർശപ്രകാരം സിൻഡിക്കേറ്റ് യോഗം ഡോ. കെ. പ്രദീപ്കുമാർ, പി. സുശാന്ത്, പ്രഫ. പി.പി പ്രദ്യുമ്നൻ എന്നിവരുൾപ്പെട്ട ഉപസമിതിയെ നിയോഗിച്ചിരുന്നു. ഉപസമിതി തയാറാക്കിയ കരട് റിപ്പോർട്ട് സെപ്റ്റംബർ 12ന് ചേർന്ന സ്ഥിരംസമിതി പരിഗണിക്കുകയും സിൻഡിക്കേറ്റ് തീരുമാനം വൈസ് ചാൻസലർ അംഗീകരിക്കുകയുമായിരുന്നു.
ഒന്നാം സെമസ്റ്റർ പരീക്ഷ രജിസ്ട്രേഷൻ ആരംഭിക്കേണ്ട അടിയന്തര സാഹചര്യം പരിഗണിച്ച് മാർഗനിർദേശങ്ങളും ഫീസ് ഘടനയും സംബന്ധിച്ച ഉപസമിതി റിപ്പോർട്ട് സിൻഡിക്കേറ്റ് തീരുമാനത്തിന് വിധേയമായി ഒക്ടോബർ നാലിന് വി.സി അംഗീകരിച്ചതായാണ് രേഖകളിൽ വ്യക്തമാകുന്നത്.
എന്നാൽ, നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ മറവിൽ അമിത ബാധ്യത അടിച്ചേൽപിക്കുന്നതാണ് സർവകലാശാല തീരുമാനമെന്ന് ഒരു വിഭാഗം സിൻഡിക്കേറ്റംഗങ്ങൾ പറഞ്ഞു. അതേസമയം, കാലാനുസൃത ഫീസ് ഘടനയാണ് നടപ്പാക്കുന്നതെന്നും നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുക്കണമെന്നുമാണ് ഔദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.