കടയ്ക്കൽ (കൊല്ലം): നീറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടി തുടർപഠനത്തിനു ശ്രമിച്ച ബാലസംഘം ഏരിയ കോഓഡിനേറ്റർ അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ മടത്തറ മേഖല കമ്മറ്റി അംഗവും ബാലസംഘം കടയ്ക്കൽ ഏരിയ കോഓഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാൻ മൻസിലിൽ സെമിഖാൻ ആണ് (21) അറസ്റ്റിലായത്. 2021-22ലെ നീറ്റ് പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ തുടർപഠന യോഗ്യതക്കായി സ്കോർഷീറ്റിൽ മാർക്കും കൂടുതൽ റാങ്കും നേടിയതായി കൃത്രിമരേഖ ഉണ്ടാക്കുകയായിരുന്നു.
468 മാർക്ക് ഉണ്ടെന്നും തുടർ പഠനത്തിന് അഡ്മിഷൻ കിട്ടുന്നില്ലെന്നും കാണിച്ച് സെമിഖാൻതന്നെ ഹൈകോടതിയിൽ കേസ് നൽകി. കോടതി നാഷനൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയും സംഭവത്തിൽ റൂറൽ എസ്.പി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്തു.
പൊലീസ് സൈബർ സെൽ വിഭാഗവും ചിതറ പൊലീസും നടത്തിയ അന്വേഷണത്തിലാണ് സെമിഖാൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഒരു ദിവസം മുഴുവൻ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ചിതറ സ്റ്റേഷൻ ഹൗസ് ഇൻസ്പെക്ടർ എം. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാൻഡ് ചെയ്ത സെമിഖാനെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മടത്തറയിലെ എസ്.എഫ്.ഐയുടെ മുൻ നേതാവ് കൂടിയാണ് സെമിഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.