അഗ്‌നിവീര്‍ റിക്രൂട്ട്മെന്റിന്റെ പേരില്‍ തട്ടിപ്പ്; മുന്‍ സൈനികന്‍ അറസ്റ്റില്‍

കുണ്ടറ: അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് വഴി ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവാക്കളെ കബളിപ്പിച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുന്‍ സൈനികന്‍ അറസ്റ്റില്‍. ശാസ്താംകോട്ട മൈനാഗപ്പള്ളി ഐശ്വര്യ ഭവനില്‍ ബിനു (42) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.

കുണ്ടറ സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ സൈനിക ഇന്റലിജന്‍സിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാങ്ങോട് സൈനിക രഹസ്യാന്വേഷണ വിഭാഗം, കുണ്ടറ പൊലീസ്, പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അഗ്‌നിവീര്‍ റിക്രൂട്ട്മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളില്‍നിന്നായി 30 ഓളം യുവാക്കളെയാണ് കബളിപ്പിച്ചത്. ഉദ്യോഗാര്‍ഥികളുടെ വിശ്വാസംനേടിയശേഷം ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം വാങ്ങുകയായിരുന്നു. ഇതിനായി ഇന്ത്യന്‍ സേനയുടെ പേരില്‍ കൃത്രിമ രേഖകളുണ്ടാക്കി.

സൈനിക റാലിക്കായി തയാറെടുക്കുന്ന ഉദ്യോഗാര്‍ഥികളെ ഫോണില്‍ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്തവരില്‍ കുറച്ചു പേര്‍ക്കെങ്കിലും ജോലി ലഭിക്കും. അത് താന്‍വഴി നടന്നതാണെന്ന് വിശ്വസിപ്പിച്ചും മറ്റുള്ളവരെ അവരുടെ കഴിവുകേടുകൊണ്ടാണ് കിട്ടാതിരുന്നതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന തന്ത്രമാണ് ഇയാള്‍ ഉപയോഗിച്ചത്.

മിലിട്ടറി ഇന്റലിജന്‍സ് കുണ്ടറ സ്റ്റേഷനില്‍ എത്തി പ്രതിയെ ചോദ്യം ചെയ്തു. പുത്തൂര്‍ സ്വദേശികളായ രണ്ടുപേര്‍കൂടി പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്.എച്ച്.ഒ. ആര്‍. രതീഷ് പറഞ്ഞു.

Tags:    
News Summary - Fraud in the name of Agniveer Recruitment; Ex-soldier arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.