കോട്ടക്കൽ: പേരിൽ തന്നെ ജയമുണ്ട്. അതിനാൽ തന്നെ തോൽക്കാൻ മനസ്സില്ലായിരുന്നു. ഹയർസെക്കൻഡറി ഫലം വന്നപ്പോൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്. ഓരോ പ്രതിസന്ധികളുടേയും കടമ്പകൾ കടന്ന് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ജയസൂര്യ നേടിയ വിജയം അതിജീവനത്തിേൻറതാണ്. 20 വർഷം മുമ്പ് തമിഴ്നാട്ടിലെ വിഴുപ്പുറത്ത് നിന്നെത്തിയതാണ് ജയസൂര്യയുടെ രക്ഷിതാക്കളായ രാജകണ്ണനും ഗോവിന്ദാമ്മയും.
ജയസൂര്യ ജനിക്കുന്നതിന് മൂന്നുവർഷം മുമ്പ് നടന്ന അപകടത്തിൽ രാജകണ്ണന് ഗുരുതരപരിക്കേറ്റിരുന്നു. ശരിക്കൊന്നു നടക്കാൻപോലും കഴിയാത്ത അച്ഛനെയും ജീവിക്കാൻ ആക്രിസാധനങ്ങൾ പെറുക്കി വിൽക്കുന്ന അമ്മക്കുമൊപ്പമായി പിന്നീടുള്ള ജീവിതം. പുത്തൂരിലെ പള്ളിപ്പുറത്തായിരുന്നു ഇവർ താമസം. ആട്ടീരി എ.യു.പി സ്കൂളിലായിരുന്നു യു.പി പഠനം. ഹൈസ്കൂൾ പഠനത്തോടെ കോട്ടക്കലിലേക്ക് മാറി. പഠനത്തിൽ മികവ് പുലർത്തിയതോടെ അധ്യാപകരും സഹപാഠികളും ഒപ്പം നിന്നു. ഇതോടെ പത്താംതരത്തിൽ ഒമ്പത് എ പ്ലസ് നേടി. പ്ലസ് വണിലും ഉയർന്ന മാർക്ക് ലഭിച്ചിരുന്നു.
അവധി ദിവസങ്ങളിൽ ചായക്കടകളിലും മറ്റും ജോലി ചെയ്തു. കോട്ടക്കൽ പടിഞ്ഞാക്കരയിലെ വാടക ക്വാർട്ടേഴ്സിന് 1500 രൂപ നൽകണം. അച്ഛെൻറ ചികിത്സക്കൊപ്പം പoനവും വാടകയും ജയസൂര്യയുടെ പ്രധാന വെല്ലുവിളിയായി. കോവിഡായതിനാൽ വീടുകളിൽ കയറിയിറങ്ങാനാകാതെ വന്നതോടെ അമ്മയുടെ തൊഴിലും നഷ്ടപ്പെട്ടു. ഇതോടെ നിർമാണ പ്രവൃത്തികളിലേർപ്പെട്ട ജയസൂര്യക്ക് ദിവസവും ലഭിക്കുന്ന 850 രൂപ കൊണ്ടാണ് മൂന്നംഗ കുടുംബത്തിെൻറ ജീവിതം. പരീക്ഷഫലം ഇന്നാണെന്നറിയാമായിരുന്നെങ്കിലും മാറാക്കരയിലെ തൊഴിൽസ്ഥലത്ത് ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തതിനാൽ അറിഞ്ഞിരുന്നില്ല.
കൂടെ പണിയെടുക്കുന്ന അമ്മാവെൻറ മകനും സഹപാഠിയുമായ ഷൺമുഖത്തിെൻറ ഫോണിൽനിന്നാണ് വൈകുന്നേരം ഫലമറിഞ്ഞതെന്ന് ജയസൂര്യ പറഞ്ഞു. ഷൺമുഖവും ഉപരി പഠനത്തിന് അർഹത നേടിയിട്ടുണ്ട്. ഇല്ലായ്മകളെ അതിജീവിച്ച് പരീക്ഷയെഴുതാൻ പിന്തുണയേകിയ എല്ലാ അധ്യാപകർക്കും കൂട്ടുകാർക്കുമാണ് ഈ വിജയമെന്ന് മിടുക്കൻ പറഞ്ഞു. കോമേഴ്സായിരുന്നു എടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.