തിരുവനന്തപുരം: വയനാട് ദുരന്തമടക്കം കേരളത്തിൽ സംഭവിച്ച അത്യാഹിതങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ വിശദചര്‍ച്ചകള്‍ക്ക് ശേഷമേ കേരളം തുടര്‍ തീരുമാനമെടുക്കൂ. വയനാട് ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനത്തിന് 13.65 കോടി രൂപ ഉള്‍പ്പെടെ തുക തിരിച്ചടയ്ക്കണമെന്നാണ് വ്യോമസേനക്ക് വേണ്ടി പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. 2018ലെ പ്രളയം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു ഒക്ടോബറില്‍ നല്‍കിയ കത്തില്‍ കേരളത്തോട് ആവശ്യപ്പെട്ടത്.
വിഷയം മന്ത്രിസഭയില്‍ ചര്‍ച്ചചെയ്യുന്നതും പരിഗണനയിലാണ്. രക്ഷാദൗത്യ ചെലവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് മറുപടി കത്ത് നല്‍കുന്നതടക്കം ആലോചിക്കുന്നുണ്ട്. പണം തിരിച്ചടയ്ക്കേണ്ടിവന്നാൽ എസ്.ഡി.ആർ.എഫ് ഫണ്ടില്‍നിന്ന് അടയ്ക്കേണ്ടിവരും. അങ്ങനെ വന്നാല്‍ മറ്റാവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കാനാവാത്ത സ്ഥിതിവരും. രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രം പണം തിരിച്ചയ്ടക്കാന്‍ നിര്‍ദേശിച്ചത് ഹൈകോടതിയെ അറിയിക്കുന്നതും സര്‍ക്കാര്‍ ആലോചനയിലുണ്ട്.
പ്രളയകാലത്തെ ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനത്തിനടക്കം ചെലവായ തുക കേരളത്തോട് കേന്ദ്രം ചോദിച്ചിരുന്നു. അന്നൊന്നും തുക നല്‍കിയിരുന്നില്ല. അന്നുമുതലുള്ള കുടിശ്ശിക അടക്കം 132.6 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹെലികോപ്റ്ററിലടക്കം രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.