KN Balagopal

തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടില്ലെന്ന് ധനമന്ത്രി; ‘മുന്‍ഗണനാവത്കരണത്തിന് തദ്ദേശ ഫണ്ടുമായി ബന്ധമില്ല’

തിരുവനന്തപുരം: സംസ്ഥാനത്ത്​ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന സാഹചര്യത്തിലും സര്‍ക്കാറിന്റെ മുന്‍ഗണനാവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു ഫണ്ടും വെട്ടില്ലെന്ന്​ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മുന്‍ഗണനാവത്കരണത്തിന് തദ്ദേശ ഫണ്ടുമായി ബന്ധമില്ലെന്നും മന്ത്രി വ്യക്തമാക്കി.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതവും മെയിന്റനന്‍സ് ഗ്രാന്റും പൂര്‍ണമായി നല്‍കിയിട്ടുണ്ട്. നടപ്പ്​ സാമ്പത്തികവര്‍ഷം അനുവദിച്ച തുക പൂര്‍ണമായി ചെലവഴിച്ച പ്രാദേശിക സര്‍ക്കാറുകള്‍ക്ക് അധികതുക പരിഗണിക്കുന്ന വിഷയം പരിശോധിക്കുന്നതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന്​ മറുപടിയായി മന്ത്രി അറിയിച്ചു.

തദ്ദേശസ്ഥാപനങ്ങള്‍ക്ക്​ നീക്കിവെച്ച ഫണ്ട് അനുവദിക്കുന്നതില്‍ ഒരു നിയന്ത്രണവും ബാധകമല്ല. തദ്ദേശസ്ഥാപന പദ്ധതി വിഹിതത്തിന് പൊതു പദ്ധതി വിഹിതവുമായി ബന്ധമില്ല. 12 ഗഡു നല്‍കേണ്ട ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ ഈ മാസത്തെ ഗഡു ഒഴികെയുള്ളത് നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്പില്‍ ഓവര്‍ ആയ ബില്ലുകള്‍ക്കുള്ള തുക നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഫണ്ടി ല്‍നിന്ന് ചെലവഴിക്കാന്‍ അനുമതി കൊടുത്തു.

സംസ്ഥാന പദ്ധതിയില്‍ പട്ടികവിഭാഗ ഘടക പദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുള്ള തുകകളില്‍ നിന്നും ഒരു കുറവും വരുത്തിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിട്ടത്. കേന്ദ്രത്തില്‍നിന്ന് ഒരു പൈസയും കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. സുപ്രീംകോടതിയില്‍ കേസ് നടത്തി കടമെടുക്കാനുള്ള അവകാശം ഉറപ്പാക്കിയതിലൂടെ ലഭിച്ച തുക ഉള്‍പ്പെടെ ഉപയോഗിച്ച് അന്നുവരെയുള്ള എല്ലാ കുടിശ്ശികയും കൊടുത്തുതീര്‍ത്തെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Funds for local bodies will not be cut -Minister K.N. Balagopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.