കോട്ടയം: സർക്കാർ നിർദേശപ്രകാരം അക്കൗണ്ടിലെ പണം പൂർണമായും ട്രഷറിയിലേക്ക് മാറ്റിയതോടെ സംസ്ഥാനത്തെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പല സർവകലാശാലകളും ശമ്പളം, പെൻഷൻ ഉൾപ്പെടെ നൽകാൻ കഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
പെൻഷൻ ഫണ്ട് ഉൾപ്പെടെ ട്രഷറിയിലേക്ക് മാറ്റിയതാണ് കാരണം. നാക് പരിശോധനക്ക് മുമ്പ് അടിസ്ഥാന സൗകര്യ വികസനത്തിനു പണമില്ലാതെ വലയുകയാണ് എം.ജി ഉൾപ്പെടെ പ്രധാന സർവകലാശാലകളിൽ പലതും. സർക്കാറിനോട് പണം ആവശ്യപ്പെട്ടിട്ടും കൈമലർത്തുന്ന അവസ്ഥയാണ്. സർവകലാശാലകളുടെ അക്കൗണ്ടുകളിൽ ധാരാളം പണമുണ്ടായിരുന്നു. അതാണ് സർക്കാർ ഇടപെടലിൽ ട്രഷറികളിലേക്ക് മാറ്റിയത്.
അക്കൗണ്ടിൽ ശേഷിക്കുന്ന മുഴുവൻ തുകയും ഉടൻ ട്രഷറിയിലേക്ക് മാറ്റണമെന്ന് കേരളത്തിലെ വിവിധ സർവകലാശാല മേധാവികൾക്ക് ഒക്ടോബറിൽ സര്ക്കാര് നിർദേശം നല്കിയിരുന്നു.
ഇല്ലെങ്കിൽ ശമ്പള വിതരണത്തിനുള്ള സർക്കാർ ഗ്രാന്റിനെ വരെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. മാർച്ച് മുതൽ നൽകിയ നിർദേശങ്ങളുടെ തുടർച്ചയായിരുന്നു ഈ അന്ത്യശാസനം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പദ്ധതി ഫണ്ട്, പദ്ധതിയേതര ഫണ്ട്, തനത് ഫണ്ട്, പെൻഷൻ ഫണ്ട് ഉൾപ്പെടെ സർവകലാശാലകളിലെ മുഴുവൻ പണവും ട്രഷറിയിലേക്ക് മാറ്റാൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉത്തരവിട്ടത്. അതിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ട്രഷറിയിലേക്കെത്തിയത് കോടികളാണ്. ശമ്പളം വിവിധ ഗഡുക്കളായി സർക്കാർ സർവകലാശാലകൾക്ക് നൽകുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ, കൃത്യസമയത്ത് ഗഡുക്കൾ ലഭിക്കാത്ത അവസ്ഥയായി.
കേരള, എം.ജി പോലെയുള്ള വലിയ സർവകലാശാലകൾ സ്വന്തം വരുമാനത്തിൽനിന്ന് എങ്ങനെയെങ്കിലും ചെലവ് നടത്തുമ്പോൾ വരുമാനം കുറഞ്ഞ സർവകലാശാലകൾ അക്ഷരാർഥത്തിൽ പെട്ട അവസ്ഥയിലാണ്. തനത് ഫണ്ട് ട്രഷറിയിലേക്ക് പോയതോടെ എല്ലാ സർവകലാശാലകളിലെയും ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനും വികസന പ്രവർത്തനത്തിനും കാശില്ലാതായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പദ്ധതിയേതര ഫണ്ടിന്റെ അവസാന ഗഡുവും സർക്കാർ നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.