ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ല സമ്മേളനത്തിൽനിന്ന് വിട്ടുനിന്ന് മുതിർന്ന നേതാവ് ജി. സുധാകരൻ. കഴിഞ്ഞ സമ്മേളനത്തിൽവരെ സജീവമായിരുന്ന സുധാകരൻ ഇത്തവണ ചിത്രത്തിലില്ല. ബ്രാഞ്ച് അംഗമായി തരംതാഴ്ത്തെപ്പട്ട അദ്ദേഹം ജില്ല സമ്മേളന പ്രതിനിധിയല്ല. ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കാമായിരുന്നെങ്കിലും അതിന് അദ്ദേഹം എത്തിയതുമില്ല.
തന്‍റെ തട്ടകമായിരുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിൽനിന്ന് എച്ച്. സലാം ആണ് വിജയിച്ചത്. മൂന്നുതവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടെന്ന മാനദണ്ഡമനുസരിച്ചാണ് സുധാകരനെ തഴഞ്ഞത്. സലാം വിജയിച്ചെങ്കിലും സുധാകരന് ലഭിച്ചത്ര ഭൂരിപക്ഷമില്ലാതിരുന്നത് ചർച്ചയായിരുന്നു. അത് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച എളമരം കരീം അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് സുധാകരനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്.
മൂന്നുദിവസത്തെ ജില്ല സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആദ്യന്തം പങ്കെടുക്കുന്നുണ്ട്. അവർ സുധാകരനെ ക്ഷണിക്കുമോ, കൂടിക്കാഴ്ചക്ക് മുതിരുമോ, അവസാന ദിവസം പൊതുസമ്മേളനത്തിലെങ്കിലും എത്തുമോ എന്നീ കാര്യങ്ങൾ കണ്ടറിയേണ്ടതാണ്. അമ്പലപ്പുഴ ഏരിയ സമ്മേളനം നടന്നത് സുധാകരന്‍റെ വസതിക്ക് സമീപമായിരുന്നു. എന്നിട്ടും സമാപന സമ്മേളനത്തിൽപോലും പങ്കെടുപ്പിച്ചിരുന്നില്ല. സുധാകരനെ എച്ച്. സലാം ഒതുക്കുന്നു എന്ന പ്രചാരണം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.