ന്യൂഡൽഹി: സി.പി.എം സമ്മേളനങ്ങളുടെ ‘മണ്ഡല കാലത്ത്’ ശബരിമല അയ്യപ്പ സ്തുതിയുമായി മന്ത്രി ജി. സുധാകരൻ. ‘മലയാള മനോരമ’ പുറത്തിറക്കിയ ‘തിരുവാഭരണം’ എന്ന പ്രത്യേക പ്രസിദ്ധീകരണത്തിലാണ് സുധാകരെൻറ ഇംഗ്ലീഷ് കവിത പ്രസിദ്ധീകരിച്ചത്. ‘ദ ഗ്രേറ്റ് ഒാപൺ സീക്രട്ട്’ (മഹത്തായ തുറന്ന രഹസ്യം) എന്നാണ് കവിതയുടെ പേര്. ‘‘കാടായും നദിയായും മണ്ണായും ആകാശമായും അയ്യപ്പസ്വാമിയെ അറിയുന്ന ദർശനമാണ്’’ മുന്നോട്ടു വെച്ചിരിക്കുന്നത് എന്നും ‘‘ശബരിമലയുടെ മഹത്ത്വം ലോകത്തെ അറിയിക്കാനാണ്’’ കവിതയെന്നും ആമുഖത്തിൽ പറയുന്നു. അതേസമയം, വൈരുധ്യാത്മക ഭൗതികവാദം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പാർട്ടിയുടെ മുതിർന്ന സംസ്ഥാന സമിതിയംഗം ശബരിമല അയ്യപ്പനെ സ്തുതിച്ച് കവിത എഴുതിയത് പാർട്ടി അണികളിലും സമൂഹ മാധ്യമങ്ങളിലും ചർച്ചയായിക്കഴിഞ്ഞു.
മനുഷ്യൻ ഒന്നാണെന്നതാണ് ശബരിമലയുടെ സന്ദേശം. പ്രകൃതിനിയമം അനുസരിച്ചാണ് എല്ലാം നടക്കുന്നത്. അതാണ് ഞാൻ അന്വേഷിക്കുന്നത്.
മന്ത്രി ജി.സുധാകരൻ
പ്രകൃതിയെയും പ്രകൃതിയിലെ വൈരുധ്യങ്ങളെയും വർണിച്ച് തുടങ്ങുന്ന കവിത, സർവവ്യാപിയും സർവശക്തനുമായ വന ദൈവത്തിലേക്ക് എത്തുന്നു.പിന്നീട് ‘‘സ്വാമിയാണ് ഗുരു; സ്വാമിയാണ് ബന്ധു; സ്വാമിയാണ് വഴികാട്ടി, സ്വാമിയാണ് പ്രകൃതി; സർവവ്യാപി; സർവശക്തൻ’’ എന്ന് അയ്യപ്പനെ വിവരിക്കുന്നു. ‘‘ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും സ്വാമിയാവുന്നു, നീ ഒരു സ്വാമിയാവുന്നു, ഞാൻ ഒരു സ്വാമിയാവുന്നു, സ്വാമി പ്രപഞ്ചവും അജയ്യവും ആവുന്നു...’’ മഹത്തായ തുറന്ന രഹസ്യമാണ് സ്വാമി എന്ന് പറഞ്ഞാണ് കവിത അവസാനിക്കുന്നത്. പ്രസിദ്ധീകരണക്കാർ ചോദിച്ചതനുസരിച്ച് താൻ എഴുതി നൽകിയതാണ് കവിതയെന്ന് ജി. സുധാകരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂലകങ്ങളുടെ സംയോജനവും വിഘടനവുംകൊണ്ടാണ് പുതിയ സംഭവവികാസങ്ങൾ പ്രകൃതിയിൽ ഉണ്ടാവുന്നത്. ശബരിമലയുടെ പ്രാധാന്യം ഇൗ പ്രകൃതിസത്യമാണ്. അവിടെ ജാതിയും മതവും ഇല്ല. മനുഷ്യൻ ഒന്നാണെന്നതാണ് ശബരിമലയുടെ സന്ദേശം.
ചാതുർവർണ്യമില്ലാത്തതുകൊണ്ടല്ലേ വാവര് അവിടെ ഇരിക്കുന്നത്.പ്രകൃതിനിയമം അനുസരിച്ചാണ് എല്ലാം നടക്കുന്നത്. അതാണ് താൻ അന്വേഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വൈരുധ്യാത്മക ഭൗതികവാദത്തിൽ അധിഷ്ഠിതമായി ചിന്തിക്കുന്ന ഒരാൾ ഇത്തരം കവിതകൾ എഴുതുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ഇടയാക്കുമെന്ന ആശങ്ക തനിക്കില്ലെന്ന് പറഞ്ഞ സുധാകരൻ, ആധ്യാത്മികത സ്വാമിമാർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും കവിതയെ തെറ്റിദ്ധരിക്കുന്നവർ അറിവില്ലാത്തവർ ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു.പാർട്ടി അംഗങ്ങളുടെ വിശ്വാസത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പാർട്ടി അതിർവരമ്പ് നിശ്ചയിച്ചതിന് പിന്നാലെയാണ് ജി. സുധാകരെൻറ അയ്യപ്പ സ്തുതിഗീതം പുറത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.