കായംകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ കാല് വാരി തോൽപ്പിക്കുന്നതിന് മുന്നിൽ നിന്നത് സ്വന്തം പാർട്ടിക്കാരാണെന്ന് ജി. സുധാകരൻ തുറന്നടിച്ചതോടെ സി.പി.എം വെട്ടിൽ. 2001ൽ കായംകുളത്തെ തോൽവിക്ക് നേതൃപദവി നിർവ്വഹിച്ചവർക്ക് വരെ പങ്കുണ്ടെന്ന ആക്ഷേപമാണ് മുതിർന്ന നേതാവ് കൂടിയായ സുധാകരൻ ഉന്നയിച്ചിരിക്കുന്നത്.
സാധാരണഗതിയിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് അവസാനിപ്പിക്കുന്ന വിഷയങ്ങൾ പൊതുവേദിയിൽ പറയാറില്ലെന്ന കീഴ്വഴക്കം ലംഘിച്ചതിലൂടെ നിലവിലുള്ള ചില വിഷയങ്ങൾ ചർച്ചയാക്കുകയാണ് ലക്ഷ്യമത്രെ. സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.എ. ഹാരിസ് അനുസ്മരണത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു തുറന്നുപറച്ചിൽ. സദസിലിരുന്ന പലരും പ്രസംഗത്തിന് മുന്നിൽ ചൂളിയതായും സംസാരമുണ്ട്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പല നേതാക്കളുടെയും പേരുകൾ എടുത്തുപറഞ്ഞും അല്ലാതെയുമായിരുന്നു വിമർശനം. തെരഞ്ഞെടുപ്പിന്റെ ഓരോ ദിവസവുമുണ്ടായ അനുഭവങ്ങൾ മോശമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിയുടെ സ്വീകരണ പര്യടനം പോലും അട്ടിമറിക്കപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അന്നത്തെ പാർട്ടി നേതൃത്വം ഗുരുതര വീഴ്ച വരുത്തി. ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവിന് താൻ ജയിക്കണമെന്ന് താൽപ്പര്യമുണ്ടായിരുന്നില്ല. പല വിഷയങ്ങളിലും ഇടപെടുന്നതിൽ നിന്ന് ബോധപൂർവം ഒഴിവായി. പാർട്ടി ശക്തി കേന്ദ്രമായ പത്തിയൂരിൽ വീടുകൾക്ക് നേരെ കല്ലേറുണ്ടായത് ആസൂത്രിതമായിരുന്നു. ഇത് വലിയ തോതിൽ വോട്ടുചോർച്ചക്ക് കാരണമായി.
വോട്ട് കൊടുക്കരുതെന്ന് നായർ വീടുകളിൽ കയറി പറഞ്ഞ ഒരു നേതാവുണ്ടായിരുന്നു. അയാൾ ചത്ത് പോയതിനാൽ പേര് പറയുന്നില്ല. ഇയാളെ തടയാൻ ആരുമുണ്ടായില്ല. കാലുവരുന്നവർ ഇപ്പോഴുമുണ്ട്. നഗരസഭ ചെയർമാന് കെട്ടിവെച്ച കാശ് കിട്ടാത്ത ചരിത്രം കായംകുളത്ത് മാത്രമെ സംഭവിച്ചിട്ടുള്ളു. കമ്യൂണിസ്റ്റുകാരന്റെ മനസ് ശുദ്ധമായിരിക്കണം. എന്നാൽ മനസിൽ ഒന്ന് കരുതുകയും പിന്നിൽ നിന്ന് കഠാര കയറ്റുകയും ചെയ്യുന്ന സമീപനമാണ് പലരും സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാവായിരുന്ന കെ.കെ. ചെല്ലപ്പന്റെ പേര് എടുത്ത് പറഞ്ഞ് വിമർശിച്ചത് പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചു.
കൂടാതെ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾ മുതൽ താഴെ ഘടകത്തിൽ വരെയുള്ളവർ വിമർശനത്തിനിരയായി. ജനതാദളിൽ നിന്നും സി.പി.എമ്മിൽ എത്തിയ ഷേക് പി. ഹാരിസിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റായിരുന്നു പരിപാടിയുടെ സംഘാടകർ. അമ്പലപ്പുഴയിൽ 2016ൽ സുധാകരനെ യു.ഡി.എഫിന് വേണ്ടി നേരിട്ടയാളാണ് ഷേക് പി. ഹാരിസ് എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.