'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി...'- പാർട്ടി അന്വേഷണത്തിൽ കവിതയിലൂടെ രോഷം പ്രകടിപ്പിച്ച് ജി. സുധാകരൻ

തെരഞ്ഞെടുപ്പ്​ വീഴ്ചയുമായി ബന്ധപ്പെട്ട പാർട്ടി അന്വേഷണത്തിനോടുള്ള രോഷം കവിതയിലൂടെ പ്രകടിപ്പിച്ച്​ മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. ചെയ്തത് ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയാണെന്ന് പരിതപിക്കുന്ന കവിത, കഴിവതൊക്കെയും ചെയ്‌തെന്നും ആകാംക്ഷാഭരിതരായ നവാഗതർ ഈ വഴി നടക്കട്ടെ എന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

'നേട്ടവും കോട്ടവും' എന്ന പേരിൽ കലാകൗമുദിയിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി/ഞാനെന്‍റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്‌നേഹിതര്‍/സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളില്‍ മഹിത സ്വപ്‌നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ്/അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം!' എന്ന്​ എഴുതിയ ജി. സുധാകരൻ, തെരഞ്ഞെടുപ്പ് വീഴ്ചയിൽ പാർട്ടിയുടെ അന്വേഷണത്തിൽ തനിക്കുള്ള അതൃപ്തിയാണ്​ പരോഷമായി സൂചിപ്പിച്ചത്​.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ സി.പി.എമ്മിന്‍റെ പ്രചാരണത്തിൽ ഗുരുതര വീഴ്ച വന്നിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടി സുധാകരനെതിരെ അന്വേഷണം പ്രഖ്യാപിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സുധാകരനെതിരായാണ് മൊഴി നൽകിയത്. അമ്പലപ്പുഴയിലെ സി.പി.എം സ്ഥാനാർഥി എച്ച്​. സലാമിനെ തോൽപ്പിക്കാൻ സുധാകരൻ ശ്രമിച്ചു എന്ന രീതിയിലുള്ള പരാമർശങ്ങളും ഉയർന്നിരുന്നു. വിഷയത്തിൽ മറ്റൊരു രീതിയിലുള്ള പരസ്യപ്രതികരണത്തിനും തയാറാകാതിരുന്ന സുധാകരനാണ്​ ഇപ്പോൾ കവിതയിലൂടെ പരോക്ഷ പ്രതികരണം നടത്തിയിരിക്കുന്നത്​.

കവിതയുടെ അവസാന വരികളായ 'അതിലൊരാങ്ക വേണ്ടെന്നു സ്‌നേഹിതർ കഴിവതൊക്കെയും ചെയ്‌തെന്നു സ്‌നേഹിതർ! ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാഭരിതരായ നവാഗതർ അക്ഷീണ മനസുമായി നവപഥവീഥിയിൽ' എന്നത്​ ലക്ഷ്യം വെക്കുന്നത് പാർട്ടിയിലെ പുതിയ തലമുറയായ ആരിഫ് എം.പിയെ ഉൾപ്പടെയാണെന്നാണ് സൂചന. അതേസമയം, കവിത പുതിയ തലമുറയെ ക്ഷണിക്കുന്നതാണെന്നും ദുർവ്യാഖ്യാനങ്ങൾക്ക് പ്രസക്തിയില്ലെന്നുമാണ്​ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്​. 

Tags:    
News Summary - G Sudhakaran writes poem against CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.