കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂർഹാജിയെ കൊലപ്പെടുത്തിയത് സ്വർണം ഇരട്ടിപ്പിച്ചുനൽകാമെന്ന മന്ത്രവാദ വിദ്യ പ്രയോഗിച്ച്. ഇതിന്, മൂന്നുപതിറ്റാണ്ടുമുമ്പ് നടന്ന കാസർകോട് പെർള ദേവലോകം ദമ്പതി കൊലയുമായി സാമ്യം. ജില്ലയിലെ രണ്ടാമത്തെ മന്ത്രവാദ കൊലയായി ഗഫൂർ ഹാജിയുടെ മരണം മാറുകയാണ്.
മൂന്നുപതിറ്റാണ്ടു മുമ്പ്, 1993 ഒക്ടോബർ ഒമ്പതിന് രാത്രി പെർള ദേവലോകത്തെ ശ്രീകൃഷ്ണ ഭട്ടും ഭാര്യ ശ്രീമതി ഭട്ടും കൊല്ലപ്പെടുന്നത് മന്ത്രവാദികളാലാണ്. വീട്ടിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തിത്തരാമെന്ന് വിശ്വസിപ്പിച്ചെത്തിയ മന്ത്രവാദി ഇമാം ഹുസൈൻ ദമ്പതികളെ കൊലപ്പെടുത്തി സ്വർണവും പണവും കവരുകയായിരുന്നു.
പൂച്ചക്കാട്ടെ ഗഫൂർ ഹാജിയുടെ കൊലപാതകമാവട്ടെ സ്വർണം ഇരട്ടിപ്പിച്ചുതരാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ചതിനൊടുവിലും. ഗഫൂർ ഹാജി 12 ബന്ധുക്കളിൽനിന്ന് കച്ചവട നിക്ഷേപമായി പലപ്പോഴായി വാങ്ങിയ സ്വർണം വീട്ടിനകത്തുണ്ടെന്ന് മനസ്സിലാക്കിയ രണ്ടാം പ്രതി ഷമീന അദ്ദേഹത്തെ ചെന്നുകാണുന്നു.
വീട്ടിൽവെച്ച സ്വർണം വീട്ടിൽ വെച്ചുതന്നെ ഇരട്ടിപ്പിക്കാമെന്നുപറഞ്ഞ് ഗഫൂർ ഹാജിയെ വിശ്വസിപ്പിച്ചു. അതിനായി ഒരു മന്ത്രവാദം നടത്തണമെന്നും അന്നേരം വീട്ടിൽ ഗഫൂർ ഹാജിയൊഴികെ ആരും പാടില്ലെന്നും ഉപദേശിച്ചു. ഗഫൂർഹാജിയുടെ കൈയിൽനിന്നും സ്വർണം വാങ്ങിയ പ്രതികൾ വീട്ടിൽത്തന്നെ അത് ഒളിപ്പിച്ചുവെച്ചതായി ഹാജിയോട് പറഞ്ഞു. തങ്ങൾ അറിയാതെ സ്വർണം അന്വേഷിക്കരുതെന്നും പറഞ്ഞു.
ഉറഞ്ഞുതുള്ളിയും മന്ത്രങ്ങൾ ഉരുവിട്ടും ‘ജിന്നുമ്മ’യായി അവതരിച്ച ശേഷം ഷമീനയും മറ്റുപ്രതികളും സ്ഥലംവിട്ടു. കുറച്ചുദിവസങ്ങൾക്കുശേഷം ബന്ധുക്കൾ സ്വർണം ചോദിക്കാൻ തുടങ്ങിയതോടെ ഗഫൂർ ഹാജി പ്രതികളോട് സ്വർണം ആവശ്യപ്പെട്ടു. എന്നാൽ, ഒരു മന്ത്രവാദം കൂടി നടത്തിയാലേ എടുക്കാൻ കഴിയൂവെന്ന് പ്രതികൾ പറഞ്ഞു. അന്ന് വീട്ടിൽ ഗഫൂർ ഹാജി മാത്രമേ ഉണ്ടാകാൻ പാടുള്ളുവെന്നും ഉപദേശിച്ചു.
അങ്ങിനെയാണ് റമദാൻ 24ന് ഭാര്യയെയും മക്കളെയും മേൽപറമ്പിലെ കുടുംബ വീട്ടിലേക്ക് പറഞ്ഞയച്ചത്. പുലർച്ചെ നാലുപ്രതികളും എത്തി മന്ത്രവാദത്തിന്റെ പേരിൽ കൊലനടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. തല ചുമരിനിടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ട്.
ദേവലോകം ഇരട്ടക്കൊലക്കേസിൽ ദമ്പതികളിൽ ഭർത്താവിനെ കുഴിച്ചു മൂടുകയും ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. ഇവരുടെ മക്കളെ ഉറക്കിക്കിടത്തിയായിരുന്നു കൊലപാതകം. പ്രതി ബംഗളൂരു ശിവമൊഗ്ഗ സാഗർ സ്വദേശി ഇമാം ഹുസൈന് (57) കാസർകോട് അഡീ. സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു. ഇത് ഹൈകോടതി പിന്നീട് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.