കോഴിക്കോട്: എരഞ്ഞിമാവിലെ ഗെയിൽ സമരവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തവരിൽ 13 പേർ ഇപ്പോഴും ജയിലിൽ. നിർദിഷ്ട ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടുപോകുന്നതിനെതിരെ ജനകീയ സമരസമിതി നടത്തിവന്ന പ്രക്ഷോഭത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് 35ഒാളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ല അതിർത്തിയായ എരഞ്ഞിമാവിലെ മലപ്പുറം ഭാഗത്തുനിന്ന് അറസ്റ്റിലായ 13 പേരാണ് ഇതേവരെ ജാമ്യം ലഭിക്കാതെ മഞ്ചേരി സബ് ജയിലിൽ കഴിയുന്നത്. കോഴിക്കോട് ഭാഗത്തുനിന്ന് അറസ്റ്റിലായ 21 പേർക്കും കഴിഞ്ഞ ആഴ്ച കോഴിക്കോട് ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മഞ്ചേരി ജയിലിൽ കഴിയുന്നവർക്ക് ജാമ്യം ലഭിക്കാത്തത് സമരസമിതി നേതൃത്വത്തിെൻറ പിടിപ്പുകേടാണെന്ന് ആക്ഷേപമുണ്ട്.
നവംബർ ഒന്നിന് പ്രക്ഷോഭത്തിന് നേരെയുണ്ടായ പൊലീസ് നടപടിയുടെ ഭാഗമായാണ് ഇവർ അറസ്റ്റിലായത്. പൊലീസ് പിടികൂടിയവരിൽ ബഹുഭൂരിഭാഗവും സമരവുമായി ബന്ധമില്ലാത്തവരും വിദ്യാർഥികളുമാണ്. ഗെയിൽ സമരസമിതിയുമായും ജനപ്രതിനിധികളുമായും വ്യവസായ മന്ത്രി എ.സി. മൊയ്തീൻ നടത്തിയ ചർച്ചയിൽ കേസിൽ കുടുങ്ങിയവരുടെ കാര്യത്തിൽ തീരുമാനമെടുപ്പിക്കാൻ നേതാക്കൾക്കൊന്നും കഴിഞ്ഞില്ല. മാത്രവുമല്ല, കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുന്നവർക്കു നേരെ മറ്റൊരു വധശ്രമക്കേസ് കൂടി ചാർത്തിക്കൊടുക്കാനാണ് പൊലീസ് ശ്രമിച്ചത്.
പൊലീസ് നടപടി ഉണ്ടായപ്പോൾ സമരസമിതി നേതാക്കളൊക്കെ ഒാടിയൊളിച്ചതായും ആക്ഷേപമുണ്ട്. ഒന്നരമാസമായി നടന്നുവരുന്ന സമരത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ചും പിന്തുണ നൽകിയും പിന്തുണ പ്രഖ്യാപിച്ചും യു.ഡി.എഫ് നേതാക്കളും മതനേതാക്കളും ദിവസവും എത്തിയിരുന്നു. എന്നാൽ, കേസിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ വേണ്ടത്ര നടപടിയുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്. സംഭവദിവസം വൈകീട്ട് പൊലീസ് പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എം.െഎ. ഷാനവാസ് എം.പി മുക്കം പൊലീസ് സ്റ്റേഷനിൽ സത്യഗ്രഹം നടത്തിയെങ്കിലും ഇവരെ വിട്ടില്ലെന്ന് മാത്രമല്ല പൊലീസ് ലാത്തിച്ചാർജിൽ ഒപ്പമുണ്ടായിരുന്നവർക്ക് ഭീകര മർദനമേൽക്കുകയും ചെയ്തു. ഗെയിലിെൻറ സ്ഥലമേറ്റെടുക്കൽ ജോലി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അതിവേഗം തുടരുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മാത്രമാണ് സമരത്തിന് പൂർണ പിന്തുണ അറിയിച്ച്് പ്രക്ഷോഭക്കാർക്ക് ഒപ്പം നിൽക്കാൻ തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.