ദേശം: മഹാത്മജിയുടെ പാദസ്പർശത്തിന്റെ സ്മരണയിലാണ് ദേശം ഗവ. ജെ.ബി സ്കൂൾ. 1890ൽ തിരുവിതാംകൂർ രാജഭരണകാലത്ത് ആലങ്ങാട് താലൂക്കിന്റെ ഭാഗമായ ദേശം ഗ്രാമത്തിൽ ‘ആലങ്ങാട് സർക്കാർ ആൺ പള്ളിക്കൂടം ’എന്ന പേരിൽ തുടക്കം കുറിച്ച സ്കൂളാണ് ദേശം എൽ.പി സ്കൂളായും ദേശം ജൂനിയർ ബേസിക് സ്കൂളായും ഉയർന്നത്. കൂക്കൻപാറ കുടുംബാംഗങ്ങളാണ് സ്കൂളിന് സൗജന്യ ഭൂമി നൽകിയത്.
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടെ നിലവിലുണ്ടായിരുന്നത്.മാർത്താണ്ഡവർമ, മംഗലപ്പുഴ പാലങ്ങളെല്ലാം യാഥാർഥ്യമാകുന്നതിന് മുമ്പ് ആലുവ മേഖലയിൽ ഗതാഗതത്തിന് കടത്തുവഞ്ചികളെയാണ് ആശ്രയിച്ചിരുന്നത്. അക്കാലത്ത് മഹാത്മജി അടക്കം സ്വാതന്ത്ര്യ സമര നേതാക്കൾ വരെ യു.സി കോളജിലും, ആലുവ മണപ്പുറത്തും മറ്റുമെത്താൻ കടത്തുവള്ളങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
1930ലാണ് ആലുവ മണപ്പുറത്തുനിന്ന് ദേശം കടവിൽ കടത്ത് കടന്ന് ദേശം കവലയിലേക്ക് കാൽ നടയായി വരുന്ന വഴി ദേശം ജെ.ബി സ്കൂൾ കവാടത്തിൽ തടിച്ചുകൂടിയ കുട്ടികളുടെ ഹർഷാഹ്ലാദം കണ്ട് പുഞ്ചിരി തൂകി ഗാന്ധിജി സ്കൂൾ മുറ്റത്തെത്തിയത്.ചർക്കയിൽ നൂറ്റുണ്ടാക്കിയ ഖദർമാല കുട്ടികൾ ഗാന്ധിജിയെ അണിയിച്ചു. അൽപസമയം കുട്ടികളുമായി സംവദിച്ച ശേഷം ഗാന്ധിജി മടങ്ങുകയും ചെയ്തു. അക്കാലത്തെ അധ്യാപകർക്കും വിദ്യാർഥികൾക്കും മറക്കാനാവാത്ത അനുഭവമായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.