തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള 150ൽ അധികം എസ്.എച്ച്.ഒമാർക്കും ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്കുമെതിരെ ആഭ്യന്തരവകുപ്പ് കർശനനടപടിക്ക്. മാഫിയ ബന്ധം വ്യക്തമായ സാഹചര്യത്തിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റുമെന്നാണ് വിവരം. ഇവിടത്തെ എസ്.എച്ച്.ഒ സജീഷിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.
ഗുണ്ടാബന്ധമുള്ള പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടാപട്ടിക പുതുക്കാനും കാപ്പ അറസ്റ്റുകൾ വേഗത്തിലാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ വിജിലൻസ് അന്വേഷണവും വന്നേക്കും.
സംസ്ഥാനത്തെ 150ൽ അധികം എസ്.എച്ച്.ഒമാർക്ക് സ്ഥാനചലനമുണ്ടാകുമെന്നാണ് വിവരം. ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി നടപടിയെടുക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. റിയൽ എസ്റ്റേറ്റ് -പണമിടപാടുകൾക്ക് ഇടനിലക്കാരായ പൊലീസുകാർക്കെതിരെയും ഇന്റലിജന്‍സ് റിപ്പോർട്ടുണ്ട്. തലസ്ഥാനത്തെ ഗുണ്ടാബന്ധമുള്ള ഒരു ബിൽഡർക്കായി രണ്ട് ഡി.വൈ.എസ്.പിമാരും ഒരു സി.ഐയും ഇടനിലക്കാരനായിനിന്നെന്ന പരാതിയും സർക്കാറിന് മുന്നിലുണ്ട്. ഈ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മദ്യപാന സദസ്സുകളിൽ എത്തിയിരുന്നതായും വ്യക്തമായി.
നഗരത്തിലെ ഒരു ഹോട്ടലിൽ വെച്ച് മറ്റൊരു ഡി.വൈ.എസ്.പിയുടെ മകളുടെ ജന്മദിനാഘോഷ പാർട്ടിക്കായി പണം മുടക്കിയതും ഗുണ്ടാസംഘത്തിന്റെ ഇടപെടലിലാണെന്ന വിവരവും പുറത്തുവന്നിരുന്നു.
അതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്. ഗുണ്ടാ - റിയൽ എസ്റ്റേറ്റ് സംഘങ്ങളുമായി ബന്ധമുണ്ടന്ന കണ്ടെത്തലിലാണ് മൂന്ന് ഇൻസ്പെക്ടർമാരുടെയും ഒരു എസ്.ഐയുടെയും സസ്പെൻഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.