ഉമ തോമസിന്റെ പരിക്ക്: സ്റ്റേജ് നിർമിച്ചത് വിളക്ക് കൊളുത്താൻ മാത്രമെന്നാണ് സംഘാടകര്‍ പറഞ്ഞത് -ജി.സി.ഡി.എ

കൊച്ചി: ഉമ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയാക്കിയ കല്ലൂര്‍ സ്റ്റേഡിയം ഗാലറിയിലെ സ്റ്റേജ് നിർമിച്ചത് വിളക്ക് കൊളുത്താൻ മാത്രമാണ് എന്നാണ് സംഘാടകര്‍ പറഞ്ഞതെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ). അപകടത്തെ തുടര്‍ന്ന് ജി.സി.ഡി.എ എന്‍ജിനീയര്‍മാര്‍ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയാണെന്ന് ഇവർ വ്യക്തമാക്കി.

പരിപാടി നടത്താൻ മാത്രമാണ് സ്റ്റേഡിയം തുറന്നു കൊടുത്തത്. അഞ്ച് മിനുട്ട് ചടങ്ങിന് വേണ്ടിയാണ് ആ പ്ലാറ്റ് ഫോം ഉണ്ടാക്കിയത്. ബാരിക്കേഡ് ഉണ്ടായിരുന്നില്ല. അതാണ് അപകട കാരണം. സംഭവത്തിൽ ജി.സി.ഡി.എ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെയര്‍മാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു. ‘സ്റ്റേഡിയത്തിന് സുരക്ഷാ വീഴ്ച്ചയില്ല. പരിപാടിക്കായി നിർമിച്ച സ്റ്റേജിന് ബാരിക്കേഡ് ഇല്ലായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാകാര്യങ്ങളും അവർ ചെയ്യണമെന്ന് കരാറിൽ ഒപ്പ് വെച്ചിരുന്നു. എന്നാൽ അവർ അത് പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. അതിനാൽ വീഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തും’ -അദ്ദേഹം പറഞ്ഞു.

അതിനി​ടെ, എം.എൽ.എക്ക് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാദം’ പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ എന്ന സംഘടനക്കെതിരെ പൊലീസ് കേസെടുത്തു. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു നൃത്തപരിപാടി. നൃത്ത പരിപാടി സംഘടിപ്പിച്ചതിൽ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്.ഐ.ആർ ചൂണ്ടിക്കാണിക്കുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഭവ സ്ഥലത്ത് ഡോക്ടർമാരോ സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല. സ്റ്റേജിൽ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്.ഐ.ആറിൽ പറയുന്നു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

ഗുരുതര പരുക്കേറ്റ എം.എൽ.എ പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്. വീഴ്ചയിൽ തലക്ക് പിന്നിൽ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടർന്ന് ശ്വാസകോശത്തിലും മുറിവുണ്ട്. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാര്‍ അറിയിച്ചു.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതിനിടെയാണ് ഉമ തോമസിന് പരിക്കേറ്റത്. കൊച്ചി കലൂർ അന്തരാഷ്ടട്ര സ്റ്റേഡിയത്തിൽ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ്.

സ്റ്റേഡിയത്തിൽ ഗ്രൗണ്ടിനോട് ചേർന്ന് പത്തടിയിലേറെ ഉയരത്തിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എൽ.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തി. ഉദ്ഘാടകനായ മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ചയെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. സുരക്ഷയുടെ ഭാഗമായി റിബൺ കോർത്തായിരുന്നു ഗാലറിയിൽ നിന്ന് താഴേക്കുള്ള ഭാഗത്തെ വേർതിരിച്ചിരുന്നതെന്നാണ് സൂചന.

Tags:    
News Summary - GCDA against mridanga vision uma thomas fell down from stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.