തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് മുമ്പ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരത്തിനിടെ, പൊലീസിന്‍റെ തല്ലേറ്റ് തലപൊട്ടി ചോര ഒഴുകുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്.എഫ്.ഐ നേതാവായിരുന്ന ടി. ഗീനാ കുമാരിയുടെ ആ ചിത്രങ്ങള്‍ കേരളത്തിന്‍െറ സമരചിത്രങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. ഇന്ന് താൻ തലതല്ലിപ്പൊട്ടിച്ച പഴയ എസ്.എഫ്.ഐകാരിയെ കാണാൻ 29 വർഷത്തിനുശേഷം ആ പൊലീസുകാരനെത്തിയിരിക്കുകയാണ്.
തന്നെ മർദിച്ച പൊലീസുകാരൻ റിട്ടയർ ചെയ്യുന്നതിന് മുമ്പായി ക്ഷമ ചോദിച്ച് കാണാനെത്തിയ കാര്യം ഗീന കുമാരി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. 30 വർഷമായി കൊണ്ടുനടക്കുന്ന ഉള്ളിലെ നീറ്റൽ നേരിട്ട് കണ്ട് പറയാനെത്തിയത് ജോർജ് എന്ന പൊലീസുദ്യോഗസ്ഥനാണ്.
അദ്ദേഹം തന്‍റെ ഔദ്യോഗിക കൃത്യനിർവഹണം ആണ് നടത്തിയത്. പശ്ചാത്തപിക്കാനൊന്നും ഇല്ല. ഞങ്ങളും പോരാട്ടഭൂമികയിൽ അടിയുറച്ച് നിന്നിരുന്നു... -ഗീന കുമാരി ഓർക്കുന്നു.
ഗീന കുമാരിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഒരിക്കൽ പോലും കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്ത ഒരാൾ എന്നെ കാണാൻ വന്നു. എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ടയാൾ തന്നെയാണ്. ആദ്യമായാണ് മുഖം കാണുന്നത്. എന്ത് പറയണമെന്ന് ആകെ കൺഫ്യൂഷൻ ആയിരുന്നു. ഇരുപതാം വയസ്സിൽ തലതല്ലി പൊട്ടിച്ചയാൾ.
കുറ്റബോധത്തോടെ, "ക്ഷമ ചോദിക്കുന്നു, പറ്റിപ്പോയി, മുപ്പതു വർഷമായി കൊണ്ടുനടക്കുന്ന ഉള്ളിലെ നീറ്റൽ നേരിട്ട് കണ്ട് പറയാനാണ് വന്നത്". ജോർജ്ജിന്‍റെ വാക്കുകൾ പതറുകയായിരുന്നു. 1994 നവംബർ 15ന് ഉച്ചയ്ക്ക് 12.15 നായ് ജോർജ്ജിന്റെ ലാത്തി എന്റെ നെറ്റിയിലേക്ക് ആഞ്ഞു പതിച്ചത്.
ട്രെയിനിംഗ് കഴിഞ്ഞു ഫീൽഡിൽ ലേക്ക് വന്ന പൊലീസ് തന്‍റെ ഔദ്യോഗിക കൃത്യനിർവഹണം ആണ് നടത്തിയത്. പശ്ചാത്തപിക്കാനൊന്നും ഇല്ല. ഞങ്ങളും പോരാട്ടഭൂമികയിൽ അടിയുറച്ച് നിന്നിരുന്നു. അതിന്‍റെ ഫലമായി നേരിട്ട വിഷമതകൾ മാഞ്ഞു പോയിട്ടൊന്നും ഇല്ല.
പൊലീസ് അസോസിയേഷൻ നേതാവ് സി.പി. ബാബുരാജിനൊപ്പം പാലക്കാട് നിന്നാണ് ജോർജ് വന്നത്. ദേശാഭിമാനി ഫോട്ടോഗ്രാഫർ ആയിരുന്നു രാജേന്ദ്രൻ സഖാവിനെയും ഫോണിൽ വിളിച്ച് സംസാരിച്ചു.
മെയ് മാസത്തിൽ റിട്ടയർ ചെയ്യുന്നതിന് മുമ്പായി നേരിട്ട് കാണണമെന്ന് നേരത്തെ സുബൈദ സഖാവ് പറഞ്ഞിരുന്നെങ്കിലും ഞാനത് പ്രോത്സാഹിപ്പിച്ചില്ല.
എങ്കിലും ജോർജ് നിങ്ങൾ വന്നല്ലോ.
വർഷങ്ങൾക്ക് ശേഷം ഇത്രയും ഒന്നും വേണ്ടായിരുന്നു എന്നു തിരിച്ചറിഞ്ഞല്ലോ.
നന്ദി.. സുഹൃത്തേ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.