പിങ്ക്​ പൊലീസ്​ അവഹേളനം: നഷ്ടപരിഹാരം പൊലീസുകാരിയിൽനിന്ന്​ ഈടാക്കി നൽകാമെന്ന്​ സർക്കാർ

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിച്ച് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യവിചാരണക്കിരയായ എട്ടു വയസ്സുകാരിക്ക് നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും ഉദ്യോഗസ്ഥയിൽനിന്ന് ഇത്​ ഈടാക്കാൻ അനുവദിക്കണമെന്നും സർക്കാർ ഹൈകോടതിയിൽ. ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ ഈ നിലപാട്​ അറിയിച്ചത്.

പെൺകുട്ടിക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് വിശദീകരണം.

നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് കാട്ടിയാണ് അപ്പീൽ. എന്നാൽ, നഷ്ടപരിഹാരം നൽകാൻ സർക്കാർ ആദ്യം തയാറാകണമെന്ന് അപ്പീൽ പരിഗണിച്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ഉദ്യോഗസ്ഥയുടെ ഭാഗത്ത് വീഴ്‌ചയുണ്ടെന്ന് സമ്മതിച്ചാണ് ഇതിന് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന വാദമുന്നയിച്ചത്. തുടർന്ന് അപ്പീൽ മധ്യ വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.

2021 ആഗസ്റ്റ് 27ന് തുമ്പ വി.എസ്.എസ്.സിയിലേക്ക് വലിയ കാർഗോ കൊണ്ടുപോകുന്നത് കാണാൻ ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവിനൊപ്പം മൂന്നുമുക്ക് ജങ്​ഷനിൽ എത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത അപമാനിച്ച സംഭവമുണ്ടായത്. രജിതയുടെ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടിയെയും പിതാവിനെയും അപമാനിച്ചെങ്കിലും മൊബൈൽ പിന്നീട് പിങ്ക് പൊലീസിന്റെ കാറിൽനിന്ന് കണ്ടെടുത്തിരുന്നു.

ഉദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിക്കണമെന്നും 50 ലക്ഷം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് പിതാവ് മുഖേന പെൺകുട്ടി നൽകിയ ഹരജിയിലാണ് ഡിസംബർ 22ന് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്.

Tags:    
News Summary - Girl insulted by pink police; High court asks aboutr compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.