പത്തനാപുരം: രണ്ടാം ദിവസത്തെ തിരച്ചിലിനൊടുവിലും കല്ലടയാറ്റില്‍ ചാടിയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കും ആറ്റിലെ ഉയര്‍ന്ന ജലനിരപ്പുമാണ് തിരച്ചിലിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി പാതിരിക്കല്‍ സ്വദേശി രവി പത്തനാപുരം പൊലീസില്‍ പരാതി നൽകി. പിടവൂര്‍ ജങ്ഷനിലെ വ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വിയില്‍ പെണ്‍കുട്ടിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇത് തെൻറ മകള്‍ തന്നെയാണെന്ന് രവി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ പത്തോടെ മാതാവിനൊപ്പം പത്തനാപുരത്തെത്തിയ പെണ്‍കുട്ടി കുന്നിക്കോടുള്ള അമ്മൂമ്മയുടെ വീട്ടില്‍ പോകുകയാണെന്നും വൈകീട്ട് തിരികെയെത്താം എന്നുംപറഞ്ഞ് മാതാവിനെ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നത്രെ. പെണ്‍കുട്ടി രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ പത്തനാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്ത് പെണ്‍കുട്ടി വീട്ടിലെഴുതിെവച്ചിരുന്നതും കണ്ടെത്തിയിരുന്നു. പിടവൂർ മുട്ടത്ത് കടവ് പാലത്തിൽ നിന്ന് ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് പെൺകുട്ടി ആറ്റിലേക്ക് ചാടിയത്.
പിടവൂർ ജങ്ഷനിലൂടെ ആരോടോ ദേഷ്യപ്പെട്ട് ഫോണിൽ സംസാരിച്ച് വന്നതായും ഫോണും ബാഗും ആറ്റിലേക്ക് എറിഞ്ഞശേഷം പെൺകുട്ടി പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ചാടാൻ ഒരുങ്ങുന്നത് കണ്ട് ഇതുവഴി ഇരുചക്ര വാഹനത്തിൽ വന്ന ദമ്പതികളും പെട്ടി ഓട്ടോ തൊഴിലാളിയും തടയാൻ എത്തിയെങ്കിലും പെൺകുട്ടി വേഗത്തിൽ എടുത്ത് ചാടുകയായിരുന്നുവെന്ന് പറയുന്നു. ആറ്റിൽ ചൂണ്ടയിട്ടിരുന്ന ആൾ പെൺകുട്ടി മുങ്ങിത്താഴുന്നതുകണ്ട് ആറ്റിലേക്ക് ചാടിയെങ്കിലും വെള്ളത്തിൽ ഒഴുകിപ്പോയി. ചുവന്ന നിറത്തിലുള്ള ചുരിദാറായിരുന്നു വേഷം.
പത്തനാപുരം ഫയർഫോഴ്സും പൊലീസും കൊല്ലത്ത് നിന്നെത്തിയ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ശനിയാഴ്ച വൈകീട്ട് ആറുവരെ തിരച്ചിൽ നടത്തി. ഞായറാഴ്ച വീണ്ടും തിരച്ചിൽ ആരംഭിച്ചെങ്കിലും വൈകുന്നേരം വരെ കണ്ടെത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.