തിരുവനന്തപുരം: സ്ത്രീധനത്തിനെതിരെ പെൺകുട്ടികൾ ശക്തമായി പ്രതികരിക്കാൻ തയാറാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആത്മഹത്യ ചെയ്ത ഡോ. ഷഹനയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുക്കാൻ പൊലീസ് വൈകിയിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നത് ക്രൂരമായ സമ്പ്രദായമാണ്. ഈ സമ്പ്രദായത്തിനെതിരെ പ്രതികരിക്കാനായി പെൺകുട്ടികളെ പരുവപ്പെടുത്താൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. ഈ സമ്പ്രദായം കേരളത്തിന് ഗുണകരമല്ല. സ്ത്രീധനത്തിനെതിരെ സമൂഹത്തിനും പെൺകുട്ടികൾക്കും ബോധവത്കരണം നടത്തണമെന്നും ഗവർണർ വ്യക്തമാക്കി.
മെഡിക്കൽ കോളജ് സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റുവൈസിനെ ഡിസംബർ 21 വരെ റിമാൻഡിൽവിട്ടു. ഐ.പി.സി 306 (ആത്മഹത്യ പ്രേരണ), സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തത്.
ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ പ്രതി ഡോ. റുവൈസിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിൽ പൊലീസ് വൈകിപ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. പ്രതിയുടെ പേരും ഷഹനയുടെ ആത്മഹത്യക്ക് വഴിവെച്ച കാരണങ്ങളും ആദ്യം മറച്ചുവെച്ച പൊലീസ് പിന്നീട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾക്ക് സമാനമായി ഷഹനയുടെ മാതാവും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നൽകിയിട്ടുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആത്മഹത്യകുറിപ്പിലെ പരാമർശങ്ങൾ പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കാമായിരുന്നിട്ടും ആദ്യ ദിവസം അസ്വാഭാവിക മരണത്തിന് മാത്രമാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. മാതാവിന്‍റെയും ബന്ധുക്കളുടെയും മൊഴിക്ക് ശേഷമാണ് ഐ.പി.സി 306 (ആത്മഹത്യ പ്രേരണ), സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നിവ ചുമത്തിയത്. ആത്മഹത്യകുറിപ്പിൽ സ്ത്രീധന പ്രശ്നത്തെ കുറിച്ച് പരാമർശമോ ആർക്കെങ്കിലുമെതിരെ ആരോപണമോ ഇല്ലെന്നായിരുന്നു പൊലീസ് വാദം.
‘സ്തീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്... വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നരക്കിലോ സ്വർണവും ഏക്കറുകണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ലെന്നുള്ളത് സത്യമാണ്...’ -ഷഹനയുടെ ഈ പരാമർശങ്ങൾ ആത്മഹത്യകുറിപ്പിലുള്ളതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, റുവൈസിന്റെ ഫോണിലേക്ക് ഷഹന ഈ സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ, റുവൈസ് ആ സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അത് കുറ്റകൃത്യത്തിന്റെ തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.