തിരുവനന്തപുരം: രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആർ.എസ്.എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോൾവർക്കറുടെ പേര് നൽകാനുള്ള കേന്ദ്ര മോദി സർക്കാറിൻെറ തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സി.പി.എം പി.ബി അംഗം എം.എ. ബേബി.
'കേരള സമൂഹത്തിൽ ഇതിൻറെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ.എസ്.എസിൻെറ കുത്സിത നീക്കമാണ് ഇതിന് പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്തയാളാണ്, ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർ.എസ്.എസ് മേധാവി. 1940 മുതൽ 1970 വരെ ഗോൾവാൾക്കർ ആർ.എസ് എസ് മേധാവി ആയിരുന്ന കാലത്താണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയലഹളകൾ ആർ.എസ്.എസ് നടത്തിയത്. ഇന്ത്യാ വിഭജന കാലത്ത് ആർ.എസ്.എസ് നടത്തിയ രക്തപങ്കിലമായ വർഗീയ കലാപങ്ങളെല്ലാം ഈ ആർ.എസ്.എസ് മേധാവിയുടെ കീഴിലായിരുന്നു.
ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ഉറ്റ ചങ്ങാതിയായിരുന്നു ഗോൾവാൾക്കർ. ഗാന്ധി വധത്തിൻെറ കേസിൽ 1948 ഫെബ്രുവരി നാലിന് ഗോൾവാൾക്കറെ അറസ്റ്റ് ചെയ്തു. ആറു മാസം ജയിലിൽ കിടന്നശേഷം നിരവധി മാപ്പപേക്ഷൾക്കു ശേഷമാണ് ഗോൾവാൾക്കർക്ക് ജാമ്യം കിട്ടിയത്.
ആർ.എസ്.എസിനെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ മുൻകൈയെടുത്ത് കേന്ദ്ര ഗവണ്മൻറ് നിരോധിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയെയും ദേശീയപതാകയെയും ആദരിക്കുമെന്നും രാഷ്ട്രീയത്തിൽ ഇടപെടില്ല എന്നും ഗോൾവാൾക്കർ എഴുതിക്കൊടുത്ത ശേഷമാണ് സർദാർ പട്ടേലും നെഹ്റു സർക്കാറും ആർ.എസ്.എസിൻെറ മേലുള്ള നിരോധനം പിൻവലിച്ചത്.
ബുദ്ധിപരമായ സത്യസന്ധതയില്ലായ്മക്കും കുപ്രസിദ്ധനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ വർഗീയവാദി. വി.ഡി. സവർക്കർ മറാത്തിയിലെഴുതിയ രാഷ്ട്ര മീമാംസ എന്ന പുസ്തകം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തർജമ ചെയ്യാൻ ഇദ്ദേഹത്തെ ഏല്പിച്ചു. We and Our Nationhood Defined എന്ന പേരിൽ അതിനെ സ്വന്തം പുസ്തകമാക്കി പ്രസിദ്ധീകരിക്കുയാണ് ഗോൾവൾക്കർ ചെയ്തത്. ഇന്ത്യയുടെ ശത്രുക്കളായ രാക്ഷസർ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് ഈ പുസ്തകത്തിലാണ്.
ആധുനിക ഇന്ത്യയുടെ വർഗീയവൽക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വർഗ്ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്കുന്നത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ്. നവോത്ഥാന നായകരുടെയും മതേതരപുരോഗമന ചിന്തകളുടേയും ബലിഷ്ടമായ ചരിത്രമുള്ള നമ്മുടെ പ്രിയനാടിനെ അപമാനിക്കാനും നിന്ദിക്കാനുമാണ്. കേരളത്തിലെ ജനാധിപത്യവാദികൾ ഈ പ്രകോപനത്തിൽ വീഴരുത്. അതേസമയം അധിക്ഷേപകരമായ ഈ പേരിടൽ നീക്കത്തെ സർവശക്തിയും സമാഹരിച്ച് എതിർക്കുകയും വേണം -എം.എ. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.