മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുകേസിൽ സി.ഐ.എസ്.എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചു. കേസിലെ മുഖ്യപ്രതി സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാൻഡന്റ് നവീൻ കുമാറിന്റെ ഭാര്യയുടെ ഡൽഹിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാർ പണം കൈമാറിയതിന്റെ തെളിവുകൾ ലഭിച്ചു. ഇടനിലക്കാരനായ കൊണ്ടോട്ടി സ്വദേശി കൊണ്ടോട്ടിയിലെ സി.ഡി.എമ്മിൽനിന്നാണ് നവീൻകുമാറിന്റെ ഭാര്യക്ക് പണമയച്ചത്. ലക്ഷങ്ങൾ പലതവണകളായി ഈ അക്കൗണ്ടിലെത്തിയ രേഖകൾ ലഭ്യമായി.
നവീന്റെ ഡൽഹിയിലുള്ള ചില ബന്ധുക്കളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പണം കൈമാറിയിരുന്നതെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിലെ വാട്സ്ആപ് ചാറ്റുകളും കിട്ടിയിട്ടുണ്ട്.
സ്വർണക്കടത്തുകാർ നൽകിയ ഒമാൻ സിംകാർഡാണ് അസി. കമാൻഡന്റ് ഉപയോഗിച്ചിരുന്നത്. ഒരു കിലോ സ്വർണത്തിന് 60,000 രൂപയാണ് ഉദ്യോഗസ്ഥർ പ്രതിഫലം പറ്റിയതെന്നും നവീന്റെ സഹായത്തോടെ, 60 വട്ടം സ്വർണം കടത്തിയതായും ഇടനിലക്കാരനായ ഷബീറലിയുടെ മൊഴിയുണ്ട്. നവീനും ഷബീറലിയുമായുള്ള വാട്സ്ആപ് ചാറ്റുകളും തെളിവായിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിലിസ്റ്റ്, ഇടനിലക്കാർക്ക് ചോർത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു.
2023ൽ ഒരു കിലോ സ്വർണവുമായി രണ്ടു പേരെ കരിപ്പൂർ പൊലീസ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണച്ചുമതല നിലവിൽ മലപ്പുറം വിജിലൻസിനാണ്. സ്വർണക്കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ ലക്ഷങ്ങൾ പ്രതിഫലം പറ്റിയെന്ന സൂചനയെ തുടർന്നാണ് അന്വേഷണം വിജിലൻസിന് കൈമാറിയത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിനകത്തും പുറത്തും ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡുകളിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.