കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസിൽ മന്ത്രിമാരുടെ പങ്ക് കണ്ടെത്താനായില്ലെന്ന് കസ്റ്റംസ്. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കസ്റ്റംസ് പരാമർശം. 3000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിലെ ഒന്നാം പ്രതി സരിത്താണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കേസിലെ 29ാം പ്രതിയാണ്. സ്വർണക്കടത്തിനെ കുറിച്ച് അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നാണ് ശിവശങ്കറിനെതിരായ കുറ്റം.
സ്വർണക്കടത്തിലൂടെ ലഭിച്ച പണം തീവ്രവാദത്തിന് ഉപയോഗിച്ചുവെന്നതിന് തെളിവില്ലെന്ന് കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിന്‍റെ മുഖ്യ ആസൂത്രകൻ റമീസാണ്. 2019 മുതൽ 21 തവണയാണ് തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയത്. 2020 ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടത്തികൊണ്ടു വന്ന സ്വർണം കസ്റ്റംസ് പിടിച്ചത്. തുടർന്ന് എൻ.ഐ.എയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിനെത്തിയിരുന്നു.
ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് വലിയ വിവാദങ്ങളുയർത്തിയ കേസായിരുന്നു സ്വർണക്കടത്ത്. ഇതുമായി ബന്ധപ്പെട്ട് മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനേയും മുൻ മന്ത്രി കെ.ടി.ജലീലിനേയും ചോദ്യം ചെയ്തിരുന്നു. കേസിൽ അന്വേഷണം നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും പേര് പറയാൻ നിർബന്ധിച്ചുവെന്ന കേസിലെ പ്രതി സന്ദീപ് നായരുടെ മൊഴിയും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.