നെടുമ്പാശ്ശേരി: കേരളത്തിലേക്കുള്ള തീർഥാടന ടൂറിസം മറയാക്കി മലേഷ്യയിൽനിന്ന് വിദേശികളെ ഉപയോഗപ്പെടുത്തി സ്വർണക്കടത്ത്. ഇതിനു പിന്നിൽ തൃശൂർ കേന്ദ്രീകരിച്ച റാക്കറ്റാണെന്ന് കസ്റ്റംസ് പ്രിവൻറീവ് വിഭാഗത്തിന് സൂചന ലഭിച്ചതായി അറിയുന്നു.
ദുബൈ വഴിയുള്ള യാത്രക്കാരുടെ ദേഹപരിശോധന കർക്കശമാക്കിയതോടെയാണ് മലേഷ്യ വഴി കള്ളക്കടത്ത് വർധിച്ചത്. മലേഷ്യൻ സ്വദേശിനികളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
അടുത്തിടെ ഇത്തരത്തിൽ സ്വർണവുമായെത്തിയ ആറ് മലേഷ്യൻ സ്ത്രീകളെ പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തുന്നത്. വിവിധ ആരാധനാലയങ്ങളിൽ ദർശനത്തിനുള്ള പാക്കേജാണ് കള്ളക്കടത്ത് ലോബി ഇവർക്ക് നൽകുന്നത്.
നെടുമ്പാശ്ശേരിയിലിറങ്ങി കഴിയുമ്പോൾ വാഹനവുമായി ഒരാളെത്തുമെന്നും ഇയാൾക്ക് സ്വർണം കൈമാറുമ്പോൾ യാത്ര തരപ്പെടുത്തുമെന്നുമാണ് വാഗ്ദാനം. സ്വർണം ഏറ്റുവാങ്ങുന്നയാളുടെ നമ്പറോ മറ്റ് വിവരങ്ങളോ സ്ത്രീകൾക്ക് നൽകിയിരുന്നില്ല. കൊണ്ടുവരുന്നവർ സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്തുകടക്കുമ്പോൾ മാത്രമേ സ്വർണം ഏറ്റുവാങ്ങുന്നവർ ബന്ധപ്പെടൂ. മലേഷ്യയിലെ ഇടനിലക്കാർ വാട്സ്ആപ്പിലൂടെ ഇവരുടെ ചിത്രവും വിമാനത്താവളത്തിന് പുറത്ത് എവിടെയാണ് കാത്തു നിൽക്കുന്നതെന്നതുൾപ്പെടെ വിവരവും കൈമാറും.
ആഭരണങ്ങളായാണ് സ്വർണം കൊണ്ടുവരുന്നത്. കസ്റ്റംസ് നിയമമനുസരിച്ച് വിദേശത്തുനിന്ന് വരുന്ന വനിതക്ക് മൂന്ന് പവൻ സ്വർണം വരെ ധരിക്കാം. ഇതിനു പുറമെയാണ് വസ്ത്രങ്ങളിൽ രഹസ്യ അറകളുണ്ടാക്കി സ്വർണം ഒളിപ്പിക്കുന്നത്.
ഒരു ഷിഫ്റ്റിൽ രണ്ടോ മൂന്നോ വനിത ഓഫിസർമാർ മാത്രമേയുണ്ടാകൂ. അതുകൊണ്ടു തന്നെ സംശയം തോന്നുന്നവരെ മാത്രമേ ദേഹപരിശോധനക്ക് വിധേയരാക്കാനും കഴിയൂ. സുരക്ഷിതമായി സ്വർണം കൈമാറുന്നവർക്ക് രണ്ട് ദിനം വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങുമ്പോൾ മുപ്പതിനായിരത്തോളം രൂപയും നൽകും.
ഒരാളിൽനിന്ന് ഒരു കോടി രൂപക്ക് മുകളിൽ മൂല്യമുള്ള സ്വർണം പിടികൂടിയാൽ മാത്രമേ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാനാകൂ. അല്ലാത്ത കേസുകളിൽ മൊഴിയെടുത്തശേഷം സ്വർണം പൂർണമായി കേന്ദ്ര സർക്കാറിലേക്ക് കണ്ടു കെട്ടുകയാണ് ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യൽ സാധ്യമാകാത്തതിനാൽ പലപ്പോഴും തുടരന്വേഷണം ഫലപ്രദമാകാറുമില്ല.
നെടുമ്പാശ്ശേരി: ചിങ്ങമാസം മുതൽ വിവാഹ സീസണാകയാൽ അനധികൃത സ്വർണ വിൽപനക്കായി കള്ളക്കടത്ത് കൂടുമെന്ന് കസ്റ്റംസ് ഇൻറലിജൻസ് റിപ്പോർട്ട്.
കള്ളക്കടത്തായെത്തുന്ന സ്വർണം ജ്വല്ലറികളുടെ സ്റ്റോക്ക് രജിസ്റ്ററിലുൾപ്പെടുത്താതെ വിവാഹ പാർട്ടികൾക്ക് പണിക്കൂലി ഒഴിവാക്കി ബില്ല് കൂടാതെ വിൽക്കുകയാണ് ചെയ്യുന്നത്. ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യുന്നവരെ കണ്ടെത്തി ഇതിനായി സമീപിക്കാൻ ഇടനിലക്കാരുമുണ്ട്. പൊതുവിപണിയെക്കാൾ വില കുറയുമെന്നതിനാൽ പലരും ഇത്തരത്തിൽ സ്വർണം വാങ്ങുകയും ചെയ്യുന്നു.
വിമാനത്താവളത്തിനകത്തെ വിവിധ ഷോപ്പുകളുമായി ബന്ധപ്പെട്ടും മറ്റും സ്വർണക്കടത്തുകാരുടെ സഹായികളായി ചിലരും പ്രവർത്തിക്കുന്നുണ്ട്. തീർഥാടനത്തിനെന്ന പേരിൽ വരുന്നവരാകയാൽ കാര്യമായ ലഗേജുകൾ ഇവരുടെ കൈവശമുണ്ടായില്ല. അതിനാൽ ഗ്രീൻ ചാനൽ വഴി വലിയ പരിശോധനയില്ലാതെ കടക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.