''ഗോൾവാൾക്കർ അനുഗ്രഹിച്ചു; ഞാൻ ഫാഷിസ്​റ്റ്​ വിരുദ്ധയായി'' -ശ്രീദേവി എസ് കര്‍ത്ത

കൊച്ചി: തിരുവനന്തപുരം ആർ.ജി.സി.ബി കാംപസിന്​ ആർ.എസ്​.എസ്​ സർസംഘ്​ ചാലക്​ ആയിരുന്ന എം.എസ്​. ഗോൾവാൾക്കറിൻെറ പേര്​ നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ വൈറലാവുകയാണ്​ ഒരു ഫേസ്​ബുക്​ കുറിപ്പ്​. ഗോൾവാൾക്കർ കേരളത്തിലെത്തിയപ്പോൾ തൻെറ വീട്​ സന്ദർശിച്ചതിൻെറ ഓർമപങ്കുവെച്ച്​ കവയത്രിയും പരിഭാഷകയുമായ ശ്രീദേവി എസ് കര്‍ത്ത എഴുതിയ കുറിപ്പാണ്​ നെറ്റിസൺസ്​ ഏറ്റെടുത്തത്​. ആദ്യകാല സംഘപരിവാർ പ്രചാരകരിൽ ഒരാളായിരുന്ന കെ.എസ് കർത്തായുടെ മകളാണ്​ ശ്രീദേവി.

ശ്രീദേവി എസ് കര്‍ത്ത 

വീട്ടിലെ കക്കൂസുകളെല്ലാം കയറിയിറങ്ങി പരിശോധിച്ച ഗോൾവാൾക്കറിൻെറ പ്രവൃത്തി അമ്മയെ ചൊടിപ്പിച്ചതും 'മേലാൽ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്' എന്ന്​ അച്ഛനോട്​ പറഞ്ഞതും ഇതിൽ വിവരിക്കുന്നുണ്ട്​. 'സത് ബുദ്ധി ഉണ്ടാവട്ടെ' എന്ന് ഗോൾവാൾക്കർ തന്നെ അനുഗ്രഹിച്ചതിനാലാണ്​ സവർണ ഫാഷിസ്​റ്റ്​ ബോധം പേറി നടക്കുന്ന ഈക്കൂട്ടരെ എതിർക്കാനുള്ള വെളിച്ചം തനിക്ക്​ തലയിൽ തെളിഞ്ഞു പ്രകാശിക്കുന്നതെന്നും ശ്രീദേവി പരിഹസിച്ചു.

ഫേസ്​ബുക്​ പോസ്​റ്റിൻെറ പൂർണരൂപം:

എനിക്ക് 3 വയസുള്ളപ്പോഴാണ് ഗുരുജി ഗോൾവാർക്കർ എന്റെ വീട് സന്ദർശിക്കുന്നത് .എന്റെ അച്ഛൻ ശ്രീ കെ എസ് കർത്താ കേരളത്തിലെ ആദ്യത്തെ സംഘ പ്രചാരകരിൽ ഒരാളായിരുന്നു .പിൽക്കാലത്തു ബിജെപി നേതാക്കാളായ പലരും നിത്യ സന്ദർ ശകരായിരുന്നു വീട്ടിൽ ..3 വയസ് മാത്രമുണ്ടായിരുന്ന എനിക്ക് ഗോൾവാർക്കാരുടെ സന്ദര്ശനത്തെക്കുറിച്ചു വലിയ ഓർമ്മകൾ ഒന്നുമില്ല .പിന്നീട് അമ്മ സരസമ്മ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് അതിനെക്കുറിച്ചുള്ള എന്റെ അറിവ് .അത് കൊണ്ടു ഇനി അമ്മയാണ് സംസാരിക്കുക

"ഒരു ദിവസം ഉച്ചയ്ക്കാണ് നിന്റെ അച്ഛനും ഗുരുജിയും കൂടെ 3സംഘ പ്രവർത്തകരും കൂടി വീട്ടിൽ വന്നത് .അന്ന് നമ്മൾ ശാസ്തമംഗലത്തുള്ള ആ വലിയ മുറ്റമുള്ള പഴയ വീട്ടിലാണ് താമസം ..റോസ് കലർന്ന വെളുപ്പ് നിറമുള്ള ഒരാളായിരുന്നു ഗുരുജി .വെള്ള കുർത്തയും പൈജാമയും കട്ടിക്കണ്ണടയും താടിയും ..ഒരു സുന്ദരൻ .വീട്ടിലേക്ക് കടന്നു വരുമ്പോൾ നീയും ഞാനും ഇറയത്ത് നിൽപ്പുണ്ട് .നീ ഒരു വെള്ള പെറ്റിക്കോട്ട് ആണ് ഇട്ടിരുന്നത് .(അതെങ്കിലും നിന്നെ ഇടീക്കാൻ ഞാൻ പെട്ട പാട് !!).

നീ ഒരു ഓറഞ്ച് പൊളിച്ചു തിന്നുകയായിരുന്നു .പകുതി തിന്ന ഒരല്ലി വലത്ത് കൈയിലും ബാക്കി പൊളിച്ച ഓറഞ്ച് മറു കയ്യിലും .വാതിൽ കടന്ന് ഗുരുജി മുന്നോട്ട് വന്നു ഗംഭീര സ്വരത്തിൽ കൈകൂപ്പി എന്നോട് പറഞ്ഞു ."ഗൃഹലക്ഷ്മി കോ സാദാർ പ്രണാമ് "ഗൃഹ ലക്ഷ്മി എന്നൊക്കെ കേട്ട് എനിക്ക് ചിരി വന്നെങ്കിലും ഞാൻ തിരിച്ചു കൈക്കൂപ്പി .അപ്പോഴാണ് അദ്ദേഹം നിന്നെ കണ്ടത് .കുനിഞ്ഞു നിന്റെ കവിളിൽ തട്ടി അദ്ദേഹം നിന്നോട് ചോദിച്ചു "ഒരു ഓറഞ്ച് എനിക്കും തരുമോ ?".നീ ഉടനെ തന്നെ തിന്നു കൊണ്ടിരുന്ന അല്ലിയും ബാക്കിയുണ്ടായിരുന്ന മുഴുവനും ഓറഞ്ചും കൂടി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു " ബാക്കി നീ തിന്നോ "..ഞാനങ്ങു വല്ലാതെയായി. എല്ലാവരും പൊട്ടിച്ചിരിച്ചു. ഒരല്ലി ചോദിച്ചപ്പോൾ നീ മുഴുവൻ ഓറഞ്ചും കൊടുത്തത് കണ്ടു ഗുരുജിക്കും വലിയ സന്തോഷമായി .പുള്ളി തിരിഞ്ഞ് നിന്റെ അച്ഛനോട് പറഞ്ഞു "ശ്രീധർജി Am not surprised .After all she is your daughter ഹെയ് നാ ?(ആരെങ്കിലും സഹായം ചോദിച്ചാൽ ബാങ്കിൽ നിന്ന് ലോൺ എടുത്തു കൊടുത്തു പോലും സഹായിച്ചു മുടിഞ്ഞു പോയ ഒരാളാണ് എന്റെ അച്ഛൻ )..

അത് കഴിഞ്ഞ് അവർ അകത്തേക്ക് വന്നു .ഇനിയാണ് തമാശ .അകത്തു കയറിയ ഉടനെ ഗുരുജി ചോദിച്ചു "ടോയ്‌ലറ്റ് കിദർ "? വളരെ ദൂരം യാത്ര ചെയ്തു വന്നയാൾ അല്ലേ ?ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടിയിരിക്കും എന്ന് കരുതി അദ്ദേഹത്തിന് ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു .അദ്ദേഹം ടോയ്‌ലറ്റ് വാതിൽ തുറന്നു .അകത്തേക്ക് നോക്കി .അപ്പോൾത്തന്നെ പുറത്തിറങ്ങി ."വേറെ ടോയ്‌‌ലറ്റ് ഉണ്ടോ ?"എന്നാരാഞ്ഞു .ഞാൻ അങ്ങ് വിഷമിച്ചു .ഈ ടോയ്‌‌ലറ്റിനു എന്തെങ്കിലും പ്രശ്നമുണ്ടോ ?രാവിലെ വൃത്തിയായി കഴുകിയതാണല്ലോ .അപ്പോഴേക്കും അദ്ദേഹം രണ്ടാമത്തെ ടോയ്‌ലറ്റിനു അകത്തേക്ക് കയറി പൊടുന്നനെ പുറത്തേക്ക് ഇറങ്ങി . ഇനിയുള്ളത് പുറത്തുള്ള ടോയ്‌‌‌ലറ്റ് ആണ് .അവിടെയുമുണ്ടായി വാതിൽ തുറക്കലും ഉടനടി പുറത്തേക്ക് ഇറങ്ങലും എനിക്ക് ആകെ നാണക്കേടായി .എന്താണ് പ്രശ്നമെന്ന് മനസിലായില്ല.

അപമാനം കൊണ്ട് ഞാൻ തല കറങ്ങി വീഴുമെന്ന് തോന്നി .അപ്പോഴേക്കും അദ്ദേഹത്തിൻെറ കൂടെ വന്ന ആൾ പറഞ്ഞു "ചേച്ചി വിഷമിക്കണ്ട .അദ്ദേഹം എവിടെ പോയാലും ആദ്യം ടോയ്‌‌ലറ്റ് പരിശോധിക്കും .ടോയ്‌‌‌ലറ്റ് വൃത്തിയില്ലെങ്കിൽ അദ്ദേഹം അവിടെന്ന് ഭക്ഷണം കഴിക്കില്ല "അപ്പോഴേക്കും ടോയ്‌‌‌ലറ്റ് ഒക്കെ വൃത്തിയാണെന്ന് കണ്ട് സന്തുഷ്ടനായി അദ്ദേഹം "ഭേഷ് ."സർട്ടിഫിക്കേറ്റ് തന്നു കഴിഞ്ഞു .ഭക്ഷണം വിളമ്പിക്കൊള്ളൂ എന്ന അനുമതിയും കിട്ടി .

സത്യത്തിൽ എനിക്ക് അന്ന് വന്ന ദേഷ്യവും അപമാനവും കരച്ചിലും പറയാൻ വയ്യ.. ആഹാരവും ചർച്ചയും ഒക്കെ കഴിഞ്ഞ് എല്ലാവരും പോയിക്കഴിഞ്ഞു ഞാൻ നിന്റെ അച്ഛനോട് പറഞ്ഞു "ഗുരുജിയോ ആരോ ആയിക്കോട്ടെ .മേലാൽ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത് ."പിന്നെ പോകുന്നതിന് മുൻപ് ഒരു കാര്യമുണ്ടായി .നിന്റെ തലയിൽ കൈ വച്ചു "ബേട്ടിക്കു സത് ബുദ്ധി ഉണ്ടാവട്ടെ "എന്ന് ഗുരുജി അനുഗ്രഹിച്ചു .. എന്നിട്ട് അതുണ്ടായോ മോളെ "?

"അത് കൃത്യമായി ഫലിച്ചു അമ്മേ .അത് കൊണ്ടാണ് ഇത്ര ശക്തമായ സവർണ ശുദ്ധാശുദ്ധ ഫാസിസ്റ്റു ബോധം പേറി നടക്കുന്ന ഈക്കൂട്ടരെ ചത്താലും എതിർക്കണമെന്ന വെളിച്ചം നല്ലോണം തലയിൽ തെളിഞ്ഞു പ്രകാശിക്കുന്നത് " .

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.