ചിറ്റാർ: ഗൂഗിൾ മാപ്പ് നോക്കി ബൈക്കിൽ തേക്കടിക്ക് പോയ യുവാക്കൾ എത്തിയത് ശബരിമലയിൽ. നിയന്ത്രണങ്ങൾ മറികടന്ന് അതിസുരക്ഷ മേഖലയായ സന്നിധാനത്ത് എത്തിയ ഇവർക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. ചിറ്റാര്‍ ശ്രീകൃഷ്ണവിലാസം ശ്രീജിത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ വര്‍ഗീസ് (23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം വൈകീട്ട് ഏഴിനാണ് സംഭവം. ചിറ്റാറില്‍നിന്ന് തേക്കടിക്ക് പോകാന്‍ എളുപ്പവഴി തേടിയയാണ് ഇവർ ബൈക്കിൽ സെറ്റ്ചെയ്ത ഫോണിൽ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തത്. ചിറ്റാറില്‍നിന്ന് പ്ലാച്ചേരിവഴി പമ്പയില്‍ എത്തി. ഗണപതികോവില്‍ കടന്ന് മുന്നോട്ട് ചെന്നപ്പോള്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. ഇവിടെ പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ശ്രദ്ധയിൽപെട്ടില്ല. യുവാക്കള്‍ കടന്നുപോയ ശേഷമാണ് വനപാലകരുടെയും പൊലീസിെൻറയും ശ്രദ്ധയിൽപെട്ടത്.
ഉടന്‍ വിവരം ഇവര്‍ സന്നിധാനത്തുള്ള വനപാലകര്‍ക്കും പൊലീസിനും കൈമാറി. കോണ്‍ക്രീറ്റ് ചെയ്ത സ്വാമി അയ്യപ്പന്‍ റോഡിലൂടെ ചീറിപ്പാഞ്ഞു മരക്കൂട്ടത്ത് എത്തിയ യുവാക്കളെ കാത്ത് വനപാലകര്‍ ട്രാക്ടറില്‍ നില്‍പുണ്ടായിരുന്നു. ഇവിടെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചതാണെന്ന് മനസ്സിലായത്.
വനമേഖലയിലൂടെ ട്രക്കിങ് പാത തേക്കടിയിലേക്കുണ്ട്. വഴി തേടിയ യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് കാണിച്ചത് അതായിരുന്നു. യുവാക്കള്‍ക്കെതിരെ വനത്തില്‍ അതിക്രമിച്ചുകടന്നതിന് കേസ് എടുത്തു. ശബരിമല പാതയിൽ പ്ലാന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞതിനാൽ അട്ടത്തോടുവരെ മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ. അത് ലംഘിച്ചാണ് ഇവർ ഇരുചക്രവാഹനത്തിൽ പമ്പയിൽ എത്തിയത്. രാത്രി 7.30ന് വനപാലകരും പൊലീസും ചേർന്ന് ഇവരെ പമ്പയിൽ തിരികെ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.