പനമരം: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.പി സ്വദേശി അഡ്വ. ഗോപാൽ സ്വരൂപ് ഗാന്ധി വോട്ട് തേടി വയനാടൻ ഗ്രാമങ്ങളിൽ. ഒരാഴ്ചയായി മണ്ഡലങ്ങളിൽ സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് വോട്ട് തേടി പനമരം ടൗണിൽ എത്തിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കരിമ്പ് കൃഷിക്കാർ പ്രതിസന്ധി നേരിടുകയാണെന്നും പിന്നാക്ക വിഭാഗത്തിനും തൊഴിലില്ലാത്ത യുവാക്കൾക്കും കർഷക തൊഴിലാളികൾക്കും വേണ്ടിയാണ് കിസാൻ മസ്ദൂർ ദാർസിങ് സ്ഥാനാർഥിയായി കരിമ്പ് കർഷക ചിഹ്നത്തിൽ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാണുന്നവരോടൊക്കെ ഇംഗ്ലീഷിലും ഹിന്ദിയിലും വോട്ട് ചെയ്ത് വിജയിപ്പിക്കാൻ മെഗാ ഫോണിൽ അഭ്യർഥന നടത്തിയാണ് വോട്ട് തേടുന്നത്.
കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാത്ത സാഹചര്യത്തിലാണ് അത്തരം ആവശ്യങ്ങൾ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട് തിരഞ്ഞെടുക്കാൻ കാരണമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. യു.പി ഓറയ്യ ജില്ലയിലെ ജയത്പുർ സ്വദേശിയാണ് ഗോപാൽ സ്വരൂപ് ഗാന്ധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.