തിരുവനന്തപുരം: വയനാട്ടിലേക്ക് എത്തിച്ചേരാനുള്ള പശ്ചാത്തലസൗകര്യം വർധിപ്പിക്കുന്നതിന് തുരങ്കപാത, ചുരം റോഡ്, പര്‍വത് മാല പദ്ധതി എന്നിവയാണ് സര്‍ക്കാറിന് മുന്നിലുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ടി. സിദ്ദിഖിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വയനാടിന്‍റെ സമഗ്രവികസനത്തിന് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാർഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചു. ഫോറസ്റ്റ് ക്ലിയറന്‍സിനുള്ള അപേക്ഷ വനം വകുപ്പിന്റെ പരിഗണനയിലാണ്. പാരിസ്ഥിതികാഘാതപഠനവും പുരോഗമിക്കുന്നു. നോര്‍വീജിയന്‍ സാങ്കേതികവിദ്യ കൂടി തുരങ്കപാത നിർമാണത്തിന് ഉപയോഗപ്പെടുത്താൻ അവിടെനിന്നുള്ള വിദഗ്ധസംഘം എത്തി പരിശോധന നടത്തിയിരുന്നു. ഇതോടൊപ്പം നിലവിലെ താമരശ്ശേരി ചുരം ഉള്‍പ്പെടുന്ന റോഡിന്റെ വികസനം സാധ്യമാക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണ്.
കോഴിക്കോട് മലാപ്പറമ്പ് മുതല്‍ മുത്തങ്ങ വരെ റോഡ് വികസനത്തിനുള്ള നിർദേശം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പുതുപ്പാടി-മുത്തങ്ങ വരെയുള്ള ഭാഗത്ത് ഡി.പി.ആര്‍ തയാറാക്കുകയാണ്. വനഭൂമി ലഭ്യമായാല്‍ മാത്രമേ വികസനം പൂര്‍ത്തിയാക്കാന്‍ കഴിയൂ.
നേരത്തെ വനഭൂമി വിട്ടുകിട്ടിയ ആറ്, ഏഴ്, എട്ട് വളവുകള്‍ വികസിപ്പിക്കാനുള്ള പദ്ധതി പ്രത്യേകമായി നടപ്പാക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുകയാണ്. പര്‍വത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിവാരം-ലക്കിടി റോപ് വേ നിർമിക്കാനുള്ള നിർദേശം സംസ്ഥാനം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.