കോഴിക്കോട്: സംസ്ഥാന സർക്കാർ കോഴിക്കോട്ട് പ്രവാസികൾക്കായി ഒരുക്കിയ ക്വാറൻറീൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നു. ജില്ലയിലെ 42 ക്വാറൻറീൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ ഉത്തരവ് നൽകി.
ഹോട്ടലുകൾ, ലോഡ്ജുകൾ, റസിഡൻസികൾ എന്നിവിടങ്ങളിലൊരുക്കിയ ക്വാറൻറീൻ കേന്ദ്രങ്ങളാണ് സർക്കാർ നിർത്തലാക്കുന്നത്. സർക്കാർ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് വരുന്നവരുടെ എണ്ണം കുറഞ്ഞതായി ചൂണ്ടിക്കാട്ടിയാണ് നടപടി.
ജൂൺ 16നാണ് ക്വാറൻറീൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ കോഴിക്കോട് ജില്ല കലക്ടർ വി. സാംബശിവറാവു ഉത്തരവിട്ടത്. വിദേശ രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ നാട്ടിലെത്തുന്ന പ്രവാസികൾക്ക് ക്വാറൻറീൻ സൗകര്യമൊരുക്കാൻ ഹോട്ടലുകളും ലോഡ്ജുകളും ഉൾപ്പെടെ ഏറ്റെടുത്തിരുന്നു. ഈ സ്ഥാപനങ്ങൾ വിട്ടുനൽകാനാണ് ഉത്തരവ്. ഇതിൽ പകുതിയിലേറെ കോഴിക്കോട് കോർപറേഷൻ പരിധിയിലുള്ളതാണ്.
കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന് കോഴിക്കോട്ടെത്തിയ 24 പ്രവാസികൾക്ക് ക്വാറൻറീൻ സൗകര്യം ഇല്ലാത്തതിനാൽ ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളോളം ബസിൽ തങ്ങേണ്ടി വന്നിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോഴാണ് സർക്കാർ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് വരവ് കുറഞ്ഞുവെന്ന കാരണം പറഞ്ഞ് കേന്ദ്രങ്ങൾ അടച്ചുപൂട്ടാനുള്ള ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.