മൂന്നാർ: രാജമല പെട്ടിമുടിയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ പ്രദേശം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സന്ദർശിക്കും. ഹെലികോപ്ടർ വഴി മൂന്നാറിലെ ആനച്ചാലിലെത്തുകയും പിന്നീട് റോഡ്മാർഗം പെട്ടിമുടിയിലേക്ക് പോകുകയുമാണ് ചെയ്യുക. പെട്ടിമുടിയിൽ മുഖ്യമന്ത്രി സന്ദർശിക്കാത്തതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദർശനം. കാലാവസ്ഥ അനുകൂലമെങ്കിൽ രാവിലെ ഒമ്പതിന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിക്കും.
പെട്ടിമുടി ദുരന്തത്തിന് ഇരയായ മുഴുവൻ കുടുംബങ്ങൾക്കും പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണയായിട്ടുണ്ട്. പെട്ടിമുടിയിൽ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സ ചെലവിനുള്ള തുകയും അനുവദിച്ചിട്ടുണ്ട്. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തെരച്ചിലും പൂർത്തിയായശേഷമായിരിക്കും പുനരധിവാസ പാക്കേജ്. നാശനഷ്ടത്തിെൻറ വിശദമായ കണക്കെടുക്കും. ജില്ലാ ഭരണകൂടത്തിെൻറ റിപ്പോർട്ട് കൂടി വാങ്ങി വിശദ ചർച്ചക്കുശേഷമാകും തീരുമാനം. ദുരന്തത്തിൽ അകപ്പെട്ടവരുടെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കും. ഇരയായവരുടെ കുടുംബങ്ങൾക്ക് വീട്, കുട്ടികളുടെ വിദ്യാഭ്യാസം അടക്കം പരിഗണിക്കും.
പെട്ടിമുടി അപകടത്തില്‍പെട്ട് മരിച്ച മൂന്ന് മൃതദേഹംകൂടി ബുധനാഴ്ച കണ്ടെത്തി. സുമതി (50), നാദിയ (12), ലക്ഷണശ്രീ (10) എന്നിവരുടെ മൃതദേഹങ്ങളാണ് കിലോമീറ്റര്‍ അകലെ ഗ്രേവല്‍ ബാങ്കിനുസമീപത്തെ പുഴയില്‍നിന്ന് കിട്ടിയത്.
10 പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞായിരുന്നു പുഴയിലെ തിരച്ചില്‍. മഴ പെയ്യുമ്പോള്‍ പുഴയിലെ ഒഴുക്ക് വര്‍ധിക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. ദേശീയ ദുരന്തനിവാരണ സേന അംഗങ്ങളോടൊപ്പം പ്രത്യേക പരിശീലനം ലഭിച്ച വളൻറിയര്‍മാരും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ട്. 55 മൃതദേഹമാണ് ഇതുവരെ കിട്ടിയത്. കണക്കുപ്രകാരം 13 മൃതദേഹംകൂടി കിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.