ഒമ്പത് സർവകലാശാലകളിലെ വി.സിമാർ നാളെ രാജിവെക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: അസാധാരണ നീക്കത്തിലൂടെ സംസ്ഥാന സർക്കാറുമായി പുതിയ യുദ്ധമുഖം തുറന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടു. കേരള സർവകലാശാല, എം.ജി സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല, കണ്ണൂർ സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സർവകലാശാല എന്നിവിടങ്ങളിലെ വി.സിമാരോടാണ് നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കാൻ ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.


സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ കഴിഞ്ഞ ദിവസത്തെ വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണറുടെ അസാധാരണ നടപടി. നിയമനം യു.ജി.സി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തെ എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയത്. ഈ വിധിയുടെ ചുവടുപിടിച്ചാണ് ഗവർണർ ഒമ്പത് സർവകലാശാലകളിലെ വി.സിമാരോടും രാജി ആവശ്യപ്പെട്ടിരിക്കുന്നത്. 

വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രം കൈമാറിയത് ചട്ടവിരുദ്ധമാണെന്ന് കോടതി ഇന്നലത്തെ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ആയുധമാക്കിയാണ് ഗവർണറുടെ അസാധാരണ നടപടി. അഞ്ച് സർവകലാശാലകളിലെ വി.സി മാർ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്. നാല് പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു. നാളെ 11.30ന് രാജിക്കത്തു രാജ് ഭവനിൽ എത്തിക്കണമെന്നാണ് നിർദേശം. 

Tags:    
News Summary - Governor arif muhammed khan demands resignation of 9 vice chancellors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.