കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടുപോയതിനെതിരെ സ്വീകരിച്ച നിയമ നടപടികൾക്ക് സംസ്ഥാന ഖജനാവിൽനിന്ന് ചെലവായത് 62 ലക്ഷത്തോളം രൂപ. വിഷയം സുപ്രീംകോടതിയിൽ ചോദ്യംചെയ്യുന്നതിനായി നിയമോപദേശം തേടിയതുമായി ബന്ധപ്പെട്ടുണ്ടായ ചെലവാണിത്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഫാലി എസ്. നരിമാന് 30 ലക്ഷവും അദ്ദേഹത്തിന്റെ ജൂനിയർമാർക്ക് 9.90 ലക്ഷം, നാലുലക്ഷം വീതവും ക്ലർക്കിന് മൂന്ന് ലക്ഷവും ഫീസിനത്തിൽ നൽകിയിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറലിന്റെ കാര്യാലയത്തിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
സുപ്രീംകോടതിയിലെ മറ്റൊരു മുതിർന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാലുമായി ഈ വിഷയത്തിൽ അടക്കം ചർച്ച നടത്തിയതിനും വാക്കാൽ ഉപദേശം നൽകിയതിനും 15 ലക്ഷം രൂപയും നൽകിയിട്ടുണ്ട്. കൊച്ചിയിലെ പ്രോപർ ചാനൽ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അഡ്വക്കറ്റ് ജനറൽ, അഡീഷനൽ അഡ്വക്കറ്റ് ജനറൽമാർ, സ്റ്റേറ്റ് അറ്റോണി, സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷനൽ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകർക്ക് പ്രതിമാസ ശമ്പള ഇനത്തിൽ 1.55 കോടി രൂപ ചെലവഴിക്കുന്നുണ്ട്. എന്നിട്ടുകൂടിയാണ് ഈ അധികച്ചെലവെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.