തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് നാല് വിദ്യാർഥി പ്രതിനിധികളെ ഗവർണർ നാമനിർദേശം ചെയ്ത നടപടി ഹൈകോടതി റദ്ദാക്കിയത് സർവകലാശാല ഭരണസംവിധാനങ്ങളിൽ പ്രാതിനിധ്യമുറപ്പിക്കാൻ രാജ്ഭവൻ മറയാക്കി സംഘ്പരിവാർ നടത്തിയ നീക്കത്തിനുള്ള തിരിച്ചടിയായി. സർവകലാശാലയിൽനിന്ന് പട്ടിക തേടാതെ സ്വന്തംനിലക്ക് നാല് എ.ബി.വി.പി പ്രവർത്തകരെയാണ് ചാൻസലറായ ഗവർണർ നാമനിർദേശം ചെയ്തത്. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളജിലെ അഭിഷേക് ഡി. നായർ, തിരുവനന്തപുരം ക്രൈസ്റ്റ്നഗർ കോളജിലെ എസ്.എൽ. ദ്രുവിൻ, പന്തളം എൻ.എസ്.എസ് കോളജിലെ സുധി സദൻ, മാളവിക ഉദയൻ എന്നിവരെയാണ് സെനറ്റിലേക്ക് നാമനിർദേശം ചെയ്തത്. ഇവർ ഉൾപ്പെടെ വിവിധ മേഖലകളിൽനിന്നായി 17 പേരെ നാമനിർദേശം ചെയ്തതിൽ 15 പേരും ബി.ജെ.പി അനുകൂലികളായിരുന്നു.
പഠന, പാഠ്യേതര മേഖലകളിൽ മികവ് തെളിയിച്ച നാല് വിദ്യാർഥികളെ നാമനിർദേശം ചെയ്യുന്നതിനായി രാജ്ഭവൻ സർവകലാശാലയിൽനിന്ന് പാനൽ ആവശ്യപ്പെടുന്നതാണ് രീതി. ഇതിനായി എട്ട് വിദ്യാർഥികളുടെ പാനൽ സർവകലാശാല തയാറാക്കി വൈസ് ചാൻസലർക്ക് കൈമാറിയിരുന്നു. ഈ പട്ടിക രാജ്ഭവനിൽനിന്ന് ആവശ്യപ്പെടുകയോ വൈസ് ചാൻസലർ രാജ്ഭവനിലേക്ക് അയക്കുകയോ ചെയ്തില്ല. പകരം സംഘ്പരിവാർ കേന്ദ്രങ്ങൾ തയാറാക്കി എത്തിച്ച പട്ടിക പ്രകാരമാണ് 2023 ഡിസംബർ ഒന്നിന് രാജ്ഭവൻ വിജ്ഞാപനമിറക്കിയത്. ഇത് ചോദ്യംചെയ്തുള്ള ഹരജിയിൽ നാലുപേരുടെ നാമനിർദേശം നേരത്തേ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതാണ് ചൊവ്വാഴ്ച കോടതി റദ്ദാക്കിയത്. ആറാഴ്ചക്കുള്ള പുതിയ പട്ടിക തയാറാക്കാനും നിർദേശിച്ചു.
ഗവർണറുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സർവകലാശാലയിൽ മികവ് തെളിയിച്ച വിദ്യാർഥികളുടെ പട്ടിക രാജ്ഭവൻ എവിടെനിന്ന് ശേഖരിച്ചെന്ന ചോദ്യത്തിന് ഗവർണർക്ക് മറുപടിയില്ലായിരുന്നു. ഗവർണർക്കെതിരെ എസ്.എഫ്.ഐ പരസ്യമായി രംഗത്തിറങ്ങി. റോഡിലും കാലിക്കറ്റ് സർവകലാശാല കാമ്പസിലും തടഞ്ഞു. ഇതു വലിയ രാഷ്ട്രീയ വിവാദമാവുകയും കേന്ദ്ര സർക്കാർ ഗവർണർക്ക് സി.ആർ.പി.എഫ് സുരക്ഷ ഒരുക്കുകയും ചെയ്തു. കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്കും ഗവർണർ സംഘ്പരിവാർ നോമിനികളെ തിരുകിക്കയറ്റിയിരുന്നു.
വൈസ് ചാൻസലർ പദവികളിൽ സംഘ്പരിവാർ അനുകൂലികളെ കൊണ്ടുവരാൻ രാജ്ഭവൻ മറയാക്കി നടത്തിയ നീക്കമാണ് ഒടുവിൽ സർക്കാർ -ഗവർണർ പോരിൽ കലാശിച്ചത്. ഇതുകാരണം ഒമ്പത് സർവകലാശാലകളിലെ വി.സി നിയമനം അനിശ്ചിതത്വത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.