തൊടുപുഴ: സർക്കാരും ഗവർണറും തമ്മിൽ പോര് മുറുകിയിരിക്കെ ചൊവ്വാഴ്ച അദ്ദേഹം ഇടുക്കിയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ എത്തുന്നത്. അന്നേ ദിവസമാണ് ഭൂപതിവ് ദേദഗതി ബില്ല് ഒപ്പിടുന്നതിന് ഗവർണർ തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് എൽ.ഡി.എഫിന്റെ രാജ്ഭവൻ മാർച്ച്.
ഗവർണർ എത്തുമെന്നറിയച്ചതോടെ ജില്ലയിൽ ഹർത്താൽതന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് എൽ.ഡി.എഫ്. ഗവർണറുടെ വരവ് സംഘർഷമുണ്ടാക്കാനാണെന്ന് സി.പി.എമ്മും മറിച്ച് ഹർത്താൽ നടത്തി സി.പി.എം ജില്ലയെ സംഘർഷ ഭൂമിയാക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫും ആരോപിക്കുന്നു.
തൊടുപുഴ: ഏകാധിപതിയെപ്പോലെയാണ് ഗവർണറുടെ പെരുമാറ്റമെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്. എൽ.ഡി.എഫ് രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ച ദിവസംതന്നെ ഇടുക്കിയിലേക്ക് അദ്ദേഹം വരുന്നത് സംഘർഷമമുണ്ടാക്കുക എന്ന ലക്ഷ്യം വെച്ചാണ്. ജനാധിപത്യ പ്രക്രിയയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൊണ്ടുവന്ന ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തത് വെല്ലുവിളിയാണ്. അഹങ്കാരത്തിന്റെ ആൾരൂപമാണ് ഗവർണർ. ജനപക്ഷ നിലപാടുകളെ എങ്ങനെ തുരങ്കം വെക്കാൻ കഴിയുമെന്ന് ഗവേഷണം ചെയ്യുകയാണ് അദ്ദേഹമെന്നും വർഗീസ് കുറ്റപ്പെടുത്തി.
ചെറുതോണി: ചൊവ്വാഴ്ച നടത്തുന്ന ഹർത്താലിൽ 12 ലക്ഷത്തോളം വരുന്ന ഇടുക്കിയിലെ ജനങ്ങളുടെ പ്രതിഷേധം അലയടിച്ചുയരുമെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
കടകൾ അടച്ചും വാഹനങ്ങൾ ഒഴിവാക്കിയും യാത്രകൾ ഒഴിവാക്കിയും ജനങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കണം. ആറു പതിറ്റാണ്ടിലേറെയായി കുടിയേറ്റ ജനതയുടെ സ്വപ്നമായ ഭൂനിയമ ഭേദഗതി ബിൽ പാസാക്കാതെ മൂന്നരമാസം അടയിരുന്ന ഗവർണർക്കെതിരെ രാജ്ഭവൻ മാർച്ച് നടത്തുന്ന ഒമ്പതിന് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്ക് അദ്ദേഹം എത്തുന്നത് വഞ്ചനയാണ്.
ഈ മണ്ണിൽ ഭൂപ്രശ്നങ്ങളുടെ കുരുക്കുകളില്ലാതെ ജീവിക്കാൻ അനുവദിക്കാത്തതിലുള്ള കുടിയേറ്റജനതയുടൈ പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് രാജ്ഭവൻ മാർച്ചും ഹർത്താലും. സാധാരണ വ്യാപാരികൾക്ക് പ്രയോജനം ലഭിക്കുന്ന കുടുംബസഹായനിധി ഉദ്ഘാടനം തടസ്സപ്പെടുത്താൻ ഉദ്ദേശ്യമില്ല. എന്നാൽ, അന്തസ്സും മാന്യതയും ഇല്ലാത്ത രീതിയാണ് വ്യാപാരി നേതൃത്വം സ്വീകരിച്ചത്.
സമാധാനപരമായ ഹർത്താലിൽ ജനകീയ വികാരം പ്രതിഫലിപ്പിക്കണമെന്നും എൽ.ഡി.എഫ് കൺവീർ കെ.കെ. ശിവരാമൻ, സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് ജോസ് പാലത്തിനാൽ എന്നിവർ പറഞ്ഞു.
പാൽ, പത്രം, ആശുപത്രികൾ, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ, ശബരിമല ഉൾപ്പെടെ തീർഥാടകവാഹനങ്ങൾ, വിവാഹ യാത്രകൾ, മരണാനന്തരചടങ്ങുകൾ എന്നിവയെ ഹർത്താലിൽനിന്ന് പൂർണമായി ഒഴിവാക്കിയതായും നേതാക്കൾ അറിയിച്ചു.
തൊടുപുഴ: ജില്ലയിലെ പതിനായിരക്കണക്കായ വ്യാപാരികൾക്ക് സാന്ത്വനമാകുന്ന പദ്ധതിയുടെ ഉദ്ഘാടന ദിവസം ഹർത്താൽ പ്രഖ്യാപിച്ചത് ശരിയാണോ എന്ന് ചിന്തിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ. ജനുവരി 9ന് ഹർത്താൽ നടത്താൻ ഉണ്ടായ പ്രകോപനം ഇടതു മുന്നണി വ്യക്തമാക്കണം. മൂന്നു മാസം മുമ്പ് തീരുമാനമായ ചടങ്ങിലേക്കാണ് ഗവർണർ എത്തുന്നത്. വ്യാപാരി വ്യവസായികൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ പരിപാടിയാണിത്. ഒരു കാരണവശാലും മാറ്റിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പങ്കെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സണ്ണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.