ഗവര്‍ണർ ജനാധിപത്യത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുകയാണെന്ന് സി.പി.എം

തിരുവനന്തപുരം: കേളത്തിലെ സര്‍വ്വകലാശാലകളിലെ ഒമ്പത് വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായാണ് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിച്ചിട്ടുള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. നാക്കിന്റെ പരിശോധനയില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകള്‍ നേടിയിട്ടുള്ള ഗ്രേഡുകള്‍ ഇതാണ് കാണിക്കുന്നത്. സംസ്ഥന സര്‍ക്കാരാവട്ടെ മൂന്ന് വിദ്യാഭ്യാസ കമ്മീഷനുകളെ നിയമിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാരെ സ്ഥാനത്ത് നിന്നും മാറ്റുവാനുള്ള ഗവര്‍ണറുടെ നടപടി ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പൊതു നയത്തിന്റെ ഭാഗം കൂടിയാണിത്.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിന്റെ ചെറുത്തുനില്‍പ്പ് അട്ടിമറിക്കുവാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയാണ് ഗവര്‍ണറിലൂടെ പുറത്ത് വന്നിരിക്കുന്നത്. ആര്‍.എസ്.എസ് നേതാവിനെ അങ്ങോട്ടുപോയികണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിച്ച ഗവര്‍ണര്‍ ആര്‍.എസ്.എസിന്‍റെ കുഴലൂത്തുകാരനാണെന്ന് ഈ നടപടിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരം അജണ്ടകള്‍ കേരള ജനത ചെറുത്തു തോല്‍പ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

Tags:    
News Summary - governor is violating all boundaries of democracy CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.