തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ ദിവസം പൊലീസിനെതിരെ രൂക്ഷ വിമർശനം ചൊരിഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച നിലപാടിൽ മലക്കം മറിഞ്ഞു. രാവിലെ കാമ്പസിന് പുറത്ത് മാധ്യമങ്ങളുമായി സംസാരിച്ചപ്പോൾ പൊലീസിനെ തലോടുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഇടപെടലാണ് കാലിക്കറ്റ് കാമ്പസിൽ പൊലീസ് നിഷ്ക്രിയമാകാൻ കാരണം. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അദ്ദേഹം അനുവദിക്കുന്നില്ല. പോരായ്മകൾ എല്ലാ സംവിധാനങ്ങൾക്കുമുണ്ടാകും. അത് കേരള പൊലീസിനുമുണ്ട്. എന്നാൽ, അവരുടെ പ്രവർത്തനം മാതൃകാപരമാണ്. പൊലീസിനെതിരെ തനിക്ക് ഒരു പരാതിയുമില്ലെന്നും ഗവർണർ പറഞ്ഞു.
ഞായറാഴ്ച രാത്രി കാമ്പസിലെ എസ്.എഫ്.ഐയുടെ ബാനർ നീക്കം ചെയ്യാത്തതിന് മലപ്പുറം എസ്.പി എസ്. ശശിധരനോടും മറ്റ് പൊലീസ് ഉദ്യോഗസ്ഥരോടും അദ്ദേഹം കയർത്ത് സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് തിങ്കളാഴ്ച അദ്ദേഹം പറഞ്ഞെങ്കിലും സംരക്ഷണം പിൻവലിക്കാൻ പൊലീസ് കൂട്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.